hc

കൊച്ചി: മെഡിക്കൽ പി.ജി. വിദ്യാർത്ഥി ഡോ. ഷഹന ആത്മഹത്യ ചെയ്‌ത കേസിൽ അറസ്റ്റിലായ സഹപാഠി ഡോ. ഇ.എ. റുവൈസിനെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി. കേസിൽ ഡോ. റുവൈസ് നൽകിയ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വാക്കാൽ പറഞ്ഞത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

സ്ത്രീധനം ചോദിച്ചതിന് തെളിവില്ലെന്നും പ്രണയബന്ധം തകർന്നതാണ് പ്രശ്‌നമെന്നും റുവൈസ് വാദിച്ചു. വിദ്യാർത്ഥിയെന്ന പരിഗണന നൽകണം. ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരുന്നത് കരിയർ നശിപ്പിക്കുമെന്നും പറഞ്ഞു.

എന്നാൽ, ഹർജിക്കാരനെതിരെ ഷഹനയുടെ ആത്മഹത്യക്കുറിപ്പിൽ പരാമർശങ്ങളുണ്ടെന്ന് കോടതി വിലയിരുത്തി. ഷഹനയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റുവൈസിന് അറിവുണ്ടായിരുന്നു. ഷഹനയുടെ വീട്ടിൽ പോയി സാമ്പത്തിക കാര്യങ്ങൾ സംസാരിച്ചതിന് ദൃക്‌സാക്ഷികളുണ്ട്. ഷഹന ആത്മഹത്യ ചെയ്ത ദിവസം ഹർജിക്കാരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒഴിവാക്കിയെന്നും ഷഹനയെ ബ്ളോക്ക് ചെയ്തെന്നും കോടതി ചൂണ്ടിക്കാട്ടി.