
വൈറസിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കും
ഉയർന്ന അളവിലുള്ള കൊളസ്‌ട്രോൾ നിയന്ത്രിക്കും
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) കടൽപ്പായലിൽ നിന്ന് വികസിപ്പിച്ച രണ്ട് പ്രകൃതിദത്ത ഉത്പന്നങ്ങൾ വിപണിയിലേയ്ക്ക്. വൈറസുകൾക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കടൽമീൻ ഇമ്യുണോആൽഗിൻ എക്‌സട്രാക്ട്, രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്‌ട്രോൾ നിയന്ത്രണവിധേയമാക്കുന്ന കടൽമീൻ ആന്റിഹൈപർകൊളസ്‌ട്രോളമിക് എക്‌സ്ട്രാറ്റുമാണ് വിപണിയിലെത്തുന്നത്.
ഉത്പന്നങ്ങൾ വ്യാവസായികമായി നിർമ്മിച്ച് പയനിയർ ഫാർമസ്യൂട്ടിക്കൽസാണ് വിൽപ്പന നടത്തുക. സാങ്കേതികവിദ്യ കൈമാറുനുള്ള കരാറിൽ സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണനും പയനിയർ ഫാർമസ്യൂട്ടിക്കൽസ് മാനേജിംഗ് പാർട്ണർ ജോബി ജോർജും ഒപ്പുവച്ചു.
കടൽപ്പായലിൽ അടങ്ങിയ ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ വേർതിരിച്ചാണ് ഉത്പന്നങ്ങൾ വികസിപ്പിച്ചത്. സാർസ് കോവി 2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറൽ ഗുണങ്ങളടങ്ങിയതാണ് കടൽമീൻ ഇമ്യുണോആൽഗിൻ എക്‌സട്രാക്ട്. കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങളുള്ളവരിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ഉത്പന്നങ്ങൾ വികസിപ്പിക്കാൻ നേതൃത്വം നൽകിയ മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് വിഭാഗം മേധാവി ഡോ. കാജൽ ചക്രവർത്തി പറഞ്ഞു. കൊവിഡ് വൈറസ് ബാധയുടെ വ്യാപ്തി കുറയ്ക്കാനും അമിതമായ സൈറ്റോകൈൻ ഉത്പാദനം നിയന്ത്രിച്ച് പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കും.
രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്‌ട്രോളും കൊഴുപ്പും നിയന്ത്രിക്കാൻ സഹായിക്കുന്ന കടൽപ്പായലിലെ ചേരുവകൾ ഉപയോഗിച്ച് വികസിപ്പിച്ചതാണ് കടൽമീൻ ആന്റിഹൈപർകൊളസ്‌ട്രോളമിക് എക്‌സ്ട്രാറ്റ്.
ആറു മാസത്തിനുള്ളിൽ വിപണിയിലേക്ക്
ഉത്പന്നങ്ങൾ ആറു മാസത്തിനുള്ളിൽ വിപണിയിലെത്തും.
ഈ രണ്ട് ഉത്പന്നങ്ങൾക്ക് പുറമെ, പ്രമേഹം, സന്ധിവേദന, അമിത രക്തസമർദ്ദം, തൈറോയിഡ്, ഫാറ്റി ലിവർ എന്നീ രോഗങ്ങളെ ചെറുക്കുന്നതിനുള്ള ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ കടൽപായലിൽ നിന്നും സി.എം.എഫ്.ആർ.ഐ വികസിപ്പിച്ചിട്ടുണ്ട്.
''കടൽപ്പായലിന്റെ ഔഷധ ആരോഗ്യസംരക്ഷണ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ ഉത്പന്നങ്ങൾ വികസിപ്പിക്കാൻ പദ്ധതിയുണ്ട്.""
ഡോ.എ. ഗോപാലകൃഷ്ണൻ
ഡയറക്ടർ
സി.എം.എഫ്.ആർ.ഐ