saras

250 സ്റ്റാളുകൾ,​ 300 ലേറെ ഗ്രാമീണ വിഭവങ്ങൾ,​ മെഗാചവിട്ടുനാടകം

കൊച്ചി: രാജ്യത്തെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങൾ മിതമായ വിലയ്ക്കു ലഭ്യമാക്കുന്ന ദേശീയ സരസ്‌മേള ഇന്ന് (21) മുതൽ ജനുവരി ഒന്നുവരെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. പ്രവേശനം സൗജന്യം. ദേശീയ ഗ്രാമീണ ഉപജീവനമിഷനും സംസ്ഥാന ദാരിദ്ര്യ നിർമ്മാർജന മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയ്ക്ക് ആദ്യമായാണ് എറണാകുളം വേദിയാകുന്നത്. കുടുംബശ്രീ യൂണിറ്റുകളുടെ 128 സ്റ്റാളുകളടക്കം 250 സ്റ്റാളുകളുണ്ടാകും. മേളയുടെ പ്രചാരണാർത്ഥം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്കും.
സെമിനാറുകൾ, കലാസാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യമേള തുടങ്ങിയവ മേളയിലുണ്ടാകുമെന്ന് കുടുംബശ്രീ സംസ്ഥാന മിഷൻ ഡയറക്ടർ കെ.എസ്. ബിന്ദു,​ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.എം.റെജീന എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് വൈകിട്ട് നാലിന് തദ്ദേശ-എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. വ്യവസായമന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്റ്റാളുകളും മേയർ എം. അനിൽകുമാർ ഫുഡ്‌കോർട്ടും ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം നിഖില വിമലാണ് വിശിഷ്ടാതിഥി.

22 സംസ്ഥാനങ്ങൾ,​

120 പാചകവിദഗ്ദ്ധർ

22 സംസ്ഥാനങ്ങളിലെ 193 വനിതാ സ്വയംസഹായ സംഘങ്ങൾ പങ്കെടുക്കുന്ന മേളയിൽ മൂന്നൂറിലേറെ ഗ്രാമീണ രുചിക്കൂട്ടുകൾ ആസ്വദിക്കാം. 120ലേറെ പാചകവിദഗ്ദ്ധർ ഫുഡ്‌കോർട്ടിൽ അണിനിരക്കും. കേരളത്തിലെ മറ്റു മേളകളിൽ ശ്രദ്ധേയമായ അട്ടപ്പാടി ഊരുകളിലെ വനസുന്ദരിയെന്ന വിഭവവും മറ്റ് ഗ്രാമീണ വിഭവങ്ങളും ഉണ്ടാകും.

ദേശീയ സരസ് മേളകളിലൂടെ ഇതുവരെ 62.72 കോടി രൂപയുടെ വിറ്റുവരവുണ്ടായെന്നാണ് റിപ്പോർട്ട്.

525 വനിതകളുടെ ചവിട്ടുനാടകം
സരസ് മേളയുടെ ഭാഗമായി അയൽക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ 24ന് രാവിലെ ഒമ്പതിന് ഡർബാർഹാൾ ഗ്രൗണ്ടിൽ നടത്തുന്ന ചവിട്ടുനാടകത്തിൽ 525 വനിതകൾ പങ്കെടുക്കും. കുടുംബശ്രീയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളാണ് ചവിട്ടുനാടകത്തിന്റെ പ്രമേയം. ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന ചവിട്ടുനാടകമെന്ന റെക്കാഡും ലക്ഷ്യമിടുന്നു.