
കൊച്ചി: ശബരിമലയിൽ തിരക്കു കൂടുന്ന സാഹചര്യത്തിൽ ഇടത്താവളങ്ങളിലെ വാഹന നിയന്ത്രണം സംബന്ധിച്ച് പത്തനംതിട്ട എസ്.പി റിപ്പോർട്ടു നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഇന്നു വീണ്ടും പരിഗണിക്കും. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഭക്ഷണസാധനങ്ങളുടെ വില സംബന്ധിച്ച് വിവിധ ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ വെർച്വൽ ക്യൂ ബുക്കിംഗ് 79,994 ആണെന്നും തിരക്ക് നിയന്ത്രണ വിധേയമാണെന്നും സർക്കാർ വിശദീകരിച്ചു.