കൊച്ചി: കൊച്ചിക്കിനി പുഷ്‌പവസന്തത്തിന്റെ നാളുകൾ. അരലക്ഷം ചതുരശ്രയടി വിസ്‌തൃതിയിലാണ് പുഷ്‌പങ്ങളുടെ വിസ്‌മയലോകം ഒരുക്കുന്നത്. മുമ്പ് കണ്ടിട്ടില്ലാത്ത പുഷ്‌പങ്ങളും ചെടികളും ആസ്വദിക്കാനും വാങ്ങാനും അവസരം ഒരുങ്ങും. ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിക്കൊപ്പം വിശാലകൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) യും ചേർന്നാണ് കൊച്ചിൻ ഫ്ളവർ ഷോ @ മറൈൻഡ്രൈവ് എന്ന പേരിൽ നാളെ മുതൽ ജനുവരി ഒന്നുവരെ മറൈൻഡ്രൈവിൽ പുഷ്‌പമേള ഒരുക്കുന്നത്.
നാളെ വൈകിട്ട് 5.30ന് മേയർ എം. അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടറും അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ പ്രസിഡന്റുമായ എൻ.എസ്.കെ. ഉമേഷ് മുഖ്യപ്രഭാഷണം നടത്തും. പുഷ്പാലങ്കാര പവിലിയൻ ഹൈബി ഈഡൻ എം.പിയും പൂച്ചെടികളുടെ പ്രദർശനം ടി.ജെ വിനോദ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും.
മൂന്ന് മുതൽ 12 വയസ് വരെയുള്ളവർക്ക് 29 ന് ഫ്‌ളവർ പ്രിൻസ്, പ്രിൻസസ് മത്സരം നടത്തും. ദിവസവും വൈകിട്ട് കലാപരിപാടികൾ അരങ്ങേറും. പുതുവത്സരത്തിൽ മെഗാഷോയും സംഘടിപ്പിക്കും. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. മുതിർന്നവർക്ക് 100 ഉം കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
സവിശേഷതകൾ
ആകെ വിസ്‌തൃതി 50,000 ചതുരശ്രയടി
പുഷ്പാലങ്കാരവും വെജിറ്റബിൾ കാർവിംഗും 5000 ചതുരശ്രയടി
പൂച്ചെടികൾ 38000 ചതുരശ്രയടി
പൂവിട്ട ഓർക്കിഡുകൾ 5000
ആറ് നിറങ്ങളിലായി പൂവിട്ട ലില്ലിയം 1000
പുതുനിറങ്ങളിൽ പോയിൻസെറ്റിയ 400
പൂക്കളുള്ള അഡീനിയം 1200
പുതിയയിനം ജമന്തി 2000
ഒറ്റച്ചെടിയിൽ അഞ്ച് നിറമുള്ള ബോഗെൻവില്ല 100
പുതിയയിനം പൂക്കളുമായി മിനിയേച്ചർ ആന്തൂറിയം
പ്രത്യേക ഉദ്യാനങ്ങൾ 20,000 ചതുരശ്രയടി
സെറാമിക് ചട്ടികളിൽ അകത്തള ചെടികളുടെ ശേഖരം
വലിയ പൊയ്കകളിൽ പൂവിട്ട മറുനാടൻ ആമ്പൽ
ചെടികൾ വാങ്ങാം
സന്ദർശകർക്ക് 20 നഴ്‌സറികളിൽ നിന്ന് ചെടികൾ വാങ്ങാം. പ്രദർശിപ്പിച്ച ചെടികൾ ജനുവരി രണ്ടിന് വിലക്കിഴിവിൽ വിറ്റഴിക്കും. 75 അടി ഉയരമുള്ള ഡാൻസിംഗ് ക്രിസ്‌മസ് ട്രീ ഒരുക്കും. ലോകത്തിലെ ഉയരം കൂടിയ ഡാൻസിംഗ് ക്രിസ്‌മസ് ട്രീ എന്ന ഗിന്നസ് റെക്കാഡ് നേടുകയാണ് ലക്ഷ്യം.
വാർത്താസമ്മേളനത്തിൽ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, സെക്രട്ടറി ടി.എൻ രാജേഷ്, അംഗം എ.ബി. സാബു, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എ.എസ്. സുനിൽകുമാർ, അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റി സെക്രട്ടറി ടി.എൻ. സുരേഷ്, പ്രൊഫ. ജേക്കബ് വർഗീസ് എന്നിവർ പങ്കെടുത്തു.
''കൊച്ചിൻ ഫ്‌ളവർ ഷോയെ ഇന്ത്യയിലെ ഏറ്റവും മികച്ച പുഷ്പമേളയാക്കി മാറ്റുകയാണ് ലക്ഷ്യം."" കെ. ചന്ദ്രൻപിള്ള
ജി.സി.ഡി.എ ചെയർമാൻ