മൂവാറ്റുപുഴ: അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വാഴക്കുളം ജൈവ് കമ്പനിയുടെ പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവിധ ഫണ്ടുകൾ അനുവദിച്ച് പുതുജീവൻ നൽകിയ സ്ഥാപനം ഇന്ന് തകർച്ചയുടെ വക്കിലാണ്. കേന്ദ്രം നൽകിയ അഞ്ച് കോടി രൂപ ഉപയോഗിച്ച് തുടങ്ങിയ പെറ്റ് ബോട്ടിൽ പ്ലാന്റ് , എം.എൽ.എ ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ ജാം യൂണിറ്റ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമല്ല. 32 ലക്ഷം രൂപ ചെലവിൽ നവീകരിച്ച പൈനാപ്പിൾ പ്രോസസിംഗ് മെഷിൻ വീണ്ടും തകരാറിലായി. സ്വകാര്യ കമ്പനിയിൽ നിന്ന് കുടിവെള്ളം എടുത്ത് ജൈവിന്റ ബ്രാൻഡിൽ ഇറക്കിയിരുന്ന പദ്ധതിയും മുടങ്ങി. ഇതേതുടർന്നാണ് കൃഷിവകുപ്പ് മന്ത്രി ഇക്കാര്യത്തിൽ ഉടനടി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൽദോ എബ്രഹാം നിവേദനം നൽകിയത്.