adv-a-a-resheed
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്

കൊച്ചി: ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ.എ.എ. റഷീദിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സിറ്റിംഗിൽ രണ്ട് പരാതികൾ തീർപ്പാക്കി.

രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ചിട്ടും ഹാൾടിക്കറ്റ് ലഭിക്കാത്തതിനാൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന പരാതിയിൽ മഹാരാജാസ് കോളേജിലെ കൊമേഴ്‌സ് അഞ്ചാംസെമസ്റ്റർ വിദ്യാർത്ഥി മുഹമ്മദ് ബാസിമിന് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.

അഞ്ചാം സെമസ്റ്ററിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ നിയമപ്രകാരം ഹാൾടിക്കറ്റ് നൽകാൻ സാധിച്ചിട്ടില്ല. സേ പരീക്ഷയിൽ പ്രത്യേക സാഹചര്യം പരിഗണിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കി എല്ലാ പരീക്ഷകളും എഴുതാനുള്ള നടപടി സ്വീകരിക്കുമെന്ന് പരീക്ഷാ കൺട്രോളർ സിറ്റിംഗിൽ അറിയിച്ചു.

കടമക്കുടി വില്ലേജിൽ ചെറിയകടവിൽ സി.സി. അഗസ്റ്റിന്റെ സ്ഥലത്തിന്റെ തണ്ടപ്പേർ തെറ്റായി രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതിയിലും പരിഹാരമായി. ആകെ ഏഴ് പരാതികളാണ് പരിഗണിച്ചത്. പുതിയതായി 3 പരാതികൾകൂടി സ്വീകരിച്ചു.