കൊച്ചി: എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്ന വൈറ്റില-കടവന്ത്ര എക്യുമെനിക്കൽ ക്രിസ്മസ് സംഗമം 'വിസ്മയരാവ് 2023" നാളെ (22)​ 5.30ന് എളംകുളം ഫാത്തിമനഗറിൽ നടക്കും. എളംകുളം ചെറുപുഷ്പ നഗറിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രയിൽ ആയിരത്തിലേറെ പാപ്പാഞ്ഞിമാർ പങ്കെടുക്കും. കടവന്ത്ര സി.ഐ സിബി ടോം ഫ്ലാഗ്ഓഫ് ചെയ്യും.

എളംകുളം ലിറ്റിൽ ഫ്ലവർ,​ ഫാത്തിമമാതാ,​ ഓർത്തഡോക്സ്,​ സൂനോറോ യാക്കോബായ,​ സി.എസ്.ഐ,​ മാർത്തോമ്മാ,​ കടവന്ത്ര സെന്റ് ജോസഫ്,​ സെന്റ് സെബാസ്റ്റ്യൻ,​ വൈറ്റില സെന്റ് പാട്രിക് പള്ളികൾ സംയുക്തമായാണ് വിസ്മയരാവ് ഒരുക്കുന്നതെന്ന് സംഘാടകസമിതി ഭാരവാഹികളായ ഫാ. കെ.ജി. ജോസഫ്,​ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫാത്തിമ നഗറിൽ മേയർ എം. അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്തൻ വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം അനുഗ്രഹപ്രഭാഷണം നടത്തും. വിസ്‌മയരാവ് സ്മരണിക കൗൺസിലർ ആന്റണി പൈനുതറയ്ക്കു നൽകി ടി.ജെ.വിനോദ് എം.എൽ.എ പ്രകാശനം ചെയ്യും. ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ ക്രിസ്മസ് കേക്ക് മുറിക്കും. ഫാ.ജോഷി പുൽക്കൂട് അനാവരണം ചെയ്യും.