
മൂവാറ്റുപുഴ : മണ്ഡലകാലത്ത് അയ്യപ്പഭക്തിഗാനങ്ങളും ശാസ്താം പാട്ടും ചിന്തുപാട്ടുകളും അട്ടായം ചിറയുടെ തീരങ്ങളിൽ അലതല്ലും. ഉടുക്കിന്റെ അകമ്പടിയോടെ ഗോപിയാശാനും സംഘവും അയ്യപ്പനെ സ്തുതിക്കുമ്പോൾ ഒരു നാടു മുഴുവൻ ഭക്തി നിറവിലാവുന്ന പ്രതീതിയാണ്. വർഷങ്ങളായി ആട്ടായം ചിറക്കാർക്ക് മണ്ഡലകാലമെന്നാൽ ഗോപിയാശാന്റെ ശീലുകളും ഉടുക്കിന്റെ ഈണവുമാണ്.
തലമുറകളായി കൈമാറിക്കിട്ടിയ പാരമ്പര്യ കല നാല് പതിറ്റാണ്ടായി അനുസ്യൂതം മുന്നോട്ടു കൊണ്ടു പോകുകയാണ് ആശാൻ. പണ്ടൊക്കെ മലയ്ക്കു പോകാൻ നോമ്പുനോക്കുന്ന കുറച്ചുപേർ ഏതെങ്കിലും ഒരാളുടെ വീട്ടിൽ ഒത്തുകൂടി ഉടുക്കുകൊട്ടി ശാസ്താസ്തുതികൾ പാടുന്നതായിരുന്നു രീതി. ഇന്ന് ശാസ്താംപാട്ട് നടത്തുന്നവർ തന്നെ അപൂർവമായി .നിലവിളക്ക് കൊളുത്തി, വീടിന്റെ ഉമ്മറത്തോ മുറ്റത്തോ വിരിച്ച പായയിൽ ചമ്രംപടിഞ്ഞിരുന്നാണ് പാടുക. പാട്ടു കഴിയുമ്പോഴേക്കും കഞ്ഞി, കപ്പ, കട്ടൻകാപ്പി തുടങ്ങിയ ഏന്തെങ്കിലും വിഭവം കഴിക്കാനുണ്ടാകും. മുമ്പ് അനുഷ്ഠാനംപോലെ നടന്ന പതിവ് ഇപ്പോഴില്ല.
ശബരിമലയ്ക്ക് കെട്ടുനിറയ്ക്കുന്ന ദിവസം വീടുകളിൽ നടക്കുന്ന പാനകത്തിലും ക്ഷേത്രങ്ങളിൽ നടക്കുന്ന മണ്ഡലപൂജകളിലുമാണ് ഇപ്പോൾ ശാസ്താംപാട്ട് നടക്കുന്നത്. സന്ധ്യയ്ക്ക് വിളക്കുകൊളുത്തിയാൽ ഗുരുവന്ദനത്തോടെയാണ് തുടക്കം. പിന്നീട് ഗണപതി, സരസ്വതി സ്തുതികൾ പാടും. പത്തോ പന്ത്രണ്ടോ പേരുള്ള സംഘം അഭിമുഖമായിരുന്നാണ് പാടുന്നത്. രാത്രി 12-ന് എതിരേൽപ്പിന് കാളിസ്തുതികൾ പാടും. അതിന് ശേഷമാണ് ഉത്ഭവം മുതലുള്ള അയ്യപ്പചരിതം പാടുക. നേരം പുലരുംവരെയായിരുന്നു മുമ്പ് ദാഹംവയ്പ്. മലയ്ക്കു പോയാലും ഇല്ലെങ്കിലും ശാസ്താംപാട്ടുകാർ മണ്ഡലക്കാലത്ത് നോമ്പെടുക്കും.
നിരവധി പേരെ ശാസ്താം പാട്ട് പഠിപ്പിച്ചയാളാണ് ഗോപി ആശാൻ. എന്നാൽ വളരെ കുറച്ചു പേർ മാത്രമാണിന്ന് രംഗത്തുള്ളത്.കാർഷികവൃത്തിയും കൂലിപ്പണിയുമാണ് ഗോപിയാശാന്റെ ഉപജീവന മാർഗം.