കൊച്ചി: ലാപ്‌ടോപ് വാങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തകരാറിലായെന്നും നന്നാക്കി നൽകുന്നതിൽ നിർമ്മാതാവും ഡീലറും വീഴ്ച വരുത്തിയെന്നുമുള്ള പരാതിയിൽ ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. പറവൂർ സ്വദേശി ടി.കെ. സെൽവന്റെ പരാതിയിലാണ് ഉത്തരവ്.

വിദ്യാഭ്യാസ ആവശ്യത്തിന് വായ്പയെടുത്താണ് പരാതിക്കാരൻ ലാപ്‌ടോപ് വാങ്ങിയത്. തകരാറിലായതിനെ തുടർന്ന് പലതവണ ഡീലറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

വാറന്റി കാലയളവിലാണ് ലാപ്‌ടോപ് ഉപയോഗശൂന്യമായതെന്ന് കോടതി നിയോഗിച്ച വിദഗ്ദ്ധൻ റിപ്പോർട്ട് നൽകി. ആക്‌സിഡന്റൽ ഡാമേജ്, ഓൺസൈറ്റ് വാറണ്ടി എന്നീ ഇനങ്ങളിലും പണം ഈടാക്കിയിരുന്നു. സേവനത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് കണ്ടെത്തി.

ലാപ് ടോപിന്റെ വിലയായ 51,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്കാൻ എതിർകക്ഷികളോട് നിർദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ.കെ.എസ്. ഷെറിമോൻ ഹാജരായി.