book-cover

കൊച്ചി: വിയ്യൂർ ജയിലിൽ കഴിയുന്ന റിപ്പർ ജയാനന്ദൻ എഴുതിയ 'പുലരി വിരിയും മുമ്പേ"യെന്ന നോവൽ 23ന് പ്രകാശനം ചെയ്യും. ഇതിനായി ജയാനന്ദന് ഹൈക്കോടതി പൊലീസ് എസ്കോർട്ടോടെ രണ്ടു ദിവസത്തെ പരോൾ അനുവദിച്ചു. ഭാര്യ ഇന്ദിര മകൾ അഡ്വ. കീർത്തി ജയാനന്ദൻ മുഖേന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ഉത്തരവ്. അഞ്ചു കൊലക്കേസുകളിൽ പ്രതിയായ അച്ഛന്റെ പരോളിനായുള്ള മകളുടെ നിയമ പോരാട്ടത്തെ കോടതി അഭിനന്ദിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ 'സൂര്യനായ് തഴുകി ഉറക്കം ഉണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം" എന്ന ഗാനവും വിധിന്യായത്തിൽ ഇടംപിടിച്ചു.

23ന് രാവിലെ പത്തരയ്ക്ക് എറണാകുളം പ്രസ് ക്ളബ്ബിൽ സുനിൽ പി. ഇളയിടം പ്രകാശനം നിർവഹിക്കും. ജയാനന്ദൻ 17വർഷമായി തടവിലാണ്. മൂന്ന് കൊലക്കേസുകളിൽ ഇയാളെ കോടതി കുറ്റവിമുക്തനാക്കി. ജയിൽ ജീവിതം ജയാനന്ദനെ ഏറെ മാറ്റിയെന്നും നോവലും കഥയുമൊക്കെ ഈ പരിവർത്തനത്തിന്റെ ഭാഗമാണെന്നും ഹർജിക്കാരി വാദിച്ചു. പുസ്തകം വിറ്റുകിട്ടുന്ന പണം പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ ക്ഷേമത്തിനായി വിനിയോഗിക്കും.

കൊലക്കേസ് പ്രതിക്ക് പരോൾ അനുവദിക്കാൻ നിയമമില്ലെങ്കിലും പുസ്തക പ്രകാശനമാണെന്നതു കണക്കിലെടുത്താണ് നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. നേരത്തെ കീർത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് പരോൾ അനുവദിച്ചിരുന്നു.