വൈപ്പിൻ: ഓർമ്മയുറയ്ക്കും മുമ്പേ അച്ഛനെയും അമ്മയെയും നഷ്ടമായ പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ തണ്ടാശേരി വീട്ടിൽ നാലാം ക്ലാസുകാരി ആരാധ്യയ്ക്കും ഒന്നാം ക്ലാസുകാരി ആരാധനയ്ക്കും വീടൊരുക്കി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. റോട്ടറി ക്ലബിന്റെ സഹായത്തോടെ ഏഴുലക്ഷം രൂപ ചെലവിട്ടാണ് വീട് പൂർത്തിയാക്കിയത്.
2018 ജൂണിലായിരുന്നു കുട്ടികളുടെ മാതാപിതാക്കളായ അഭിലാഷിന്റെയും കൃഷ്ണപ്രിയയുടെയും ആകസ്മിക വിയോഗം. അന്ന് ആരാധ്യയ്ക്ക് രണ്ടുവയസും ആരാധനയ്ക്കു ആറുമാസവും മാത്രമായിരുന്നു പ്രായം. പ്രാരാബ്ധത്തിലായിരുന്ന കുടുംബം ഇരട്ട മരണത്തോടെ സങ്കടങ്ങളുടെ ആഴക്കടലിലായി. എങ്കിലും അഭിലാഷിന്റെ അച്ഛൻ ശിവനും അമ്മ പ്രമീളയും സഹോദരി അഭില സിനോജും കുട്ടികളെ ചേർത്തുപിടിച്ചു.
എന്നാൽ വീണ്ടും ദുരിതങ്ങൾ കുടുംബത്തെ തേടിയെത്തി. ഓടിട്ട ചെറിയ വീട് പ്രളയത്തിൽ പൂർണമായും നശിച്ചു. സുമനസുള്ളവർ എടുത്തുകൊടുത്ത വാടകവീട്ടിലായിരുന്നു നാലു വർഷമായി കുടുംബത്തിന്റെ താമസം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് റോട്ടറി കെ ചിറ്റിലപ്പിള്ളി പദ്ധതിക്ക് കീഴിൽ വീട് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു.
ഗൃഹപ്രവേശനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയും താക്കോൽദാനം റോട്ടറി ജില്ലാ ഐ.പി.ഡി ജി. രാജ്‌മോഹൻ നായരും നിർവഹിച്ചു.
റോട്ടറി ക്ലബ് കൗൺസിലർ ബാലഗോപാൽ, ജി.ജി.ആർ. സഞ്ജീവ്, റോട്ടറി ടെക്‌നൊപോളിസ് സെക്രട്ടറി പ്രിൻസ്, ലിയാഖത് അലി, സായി പരമേശ്വർ, അബി സാം, ഷൈനു കുമാർ, സുധീഷ്, അംബിക ഉണ്ണിക്കൃഷ്ണൻ, സി. എസ്. സാജു എന്നിവർ പങ്കെടുത്തു. കുടുംബത്തിന് ഗൃഹോപകരണങ്ങളും റോട്ടറി ക്ലബ് കൈമാറി.