ആലുവ: പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി തൂലിക ചലിപ്പിക്കുന്ന 'കേരളകൗമുദി" എക്കാലവും സാധാരണക്കാരന്റെ ശബ്ദമാണെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ആലുവ, അങ്കമാലി മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച കേരളകൗമുദി ഏജന്റുമാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാപക പത്രാധിപർ സി.വി. കുഞ്ഞുരാമനും പത്രാധിപർ കെ. സുകുമാരനും വെട്ടിത്തെളിച്ച പാതയിലൂടെയാണ് 'കേരളകൗമുദി' ഇന്നും സഞ്ചരിക്കുന്നത്. രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി സത്യം തുറന്നെഴുതുന്ന പത്രമാണ്. കേരളകൗമുദി മാനേജ്മെന്റും ഏജന്റുമാരുമായുള്ള ബന്ധത്തിന് തെളിവാണ് ആദരവ് ചടങ്ങെന്നും ഇത് അഭിനന്ദനാർഹമാണെന്നും എം.എൽ.എ പറഞ്ഞു. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു.

എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ സംസാരിച്ചു. ആലുവ ലേഖകൻ കെ.സി. സ്മിജൻ സ്വാഗതവും കൊച്ചി യൂണിറ്റ് സർക്കുലേഷൻ മാനേജർ വി. പുഷ്‌കരൻ നന്ദിയും പറഞ്ഞു.

ഏജന്റുമാരായ വി.എസ്. വിമൽ (നെടുമ്പാശേരി), വി.സി. ജോസഫ് (കീഴ്മാട്), വി.ആർ. സുധീഷ് (യു.സി കോളേജ്), പി.വി. ചാക്കപ്പൻ (പാണ്ടുപാറ), കെ. ബാലകൃഷ്ണൻ (അശോകപുരം), സി.ടി. വിനോദ് (അങ്കമാലി ടൗൺ), അബ്ദുൾ റഹ്മാൻകുട്ടി (യു.സി കോളേജ്), എം.ജെ. സാബു (കീഴ്മാട് ഡോൺ ബോസ്‌കോ), തങ്കമ്മ വിശ്വനാഥൻ (കുറുമശേരി) എന്നിവരെയാണ് ആദരിച്ചത്.

എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, വനിതാസംഘം സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, ആലുവ ശ്രീനാരായണ ക്ളബ് സെക്രട്ടറി കെ.എൻ. ദിവാകരൻ, ഗുരുധർമ്മ പ്രചാരണ സഭ മുൻ രജിസ്ട്രാർ എം.വി. മനോഹരൻ, രാജൻ കുറുമശേരി, ലൈല സുകുമാരൻ, കോമളകുമാർ, എം.പി. നാരായണൻകുട്ടി എന്നിവർ ഉൾപ്പെടെ നിരവധിപേർ സംബന്ധിച്ചു.

കേരളകൗമുദി അച്ചടിച്ച ചിത്രം

അനുസ്മരിച്ച് അൻവർ സാദത്ത്

തന്റെ ആദ്യ ജയിൽവാസത്തിനിടയാക്കിയ സമരം ഏറ്റവും മനോഹരമായി ചിത്രം സഹിതം റിപ്പോർട്ട് ചെയ്തത് കേരളകൗമുദിയാണ്. എറണാകുളത്ത് നടന്ന സമരത്തിൽ പൊലീസ് വാഹനത്തിലേക്ക് ബലം പ്രയോഗിച്ച് തന്നെ കയറ്റുന്ന ചിത്രം കേരളകൗമുദി ഒന്നാംപേജിലാണ് പ്രസിദ്ധീകരിച്ചത്. അന്നത്തെ ചിത്രം താൻ ഏറെക്കാലം സൂക്ഷിച്ചിരുന്നു. പിന്നീട് ചിത്രം നഷ്ടമായെങ്കിലും കേരളകൗമുദിയുടെ ഒന്നാംപേജ് ചിത്രം ഇപ്പോഴും ഹൃദയത്തിലുണ്ട്.