ആലുവ: 81-ാം വയസിലും യുവത്വത്തിന്റെ ചുറുചുറുക്കോടെയാണ് ആലപ്പുഴ കുട്ടനാട് സ്വദേശി കെ.പി. ശ്രീവത്സൻ 91-ാമത് ശിവഗിരി തീർത്ഥാടന പദയാത്രയിൽ പങ്കെടുക്കാൻ ആലുവ അദ്വൈതാശ്രമത്തിൽ എത്തിയത്. പുളിക്കുന്ന് കണ്ണാടി കാവിൽ വീട്ടിൽ ശ്രീവത്സൻ 23 -ാം തവണയാണ് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത്.
കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്നാരംഭിച്ച 65 -ാമത് പദയാത്രയിലാണ് ആദ്യമായി ശ്രീവത്സൻ പങ്കെടുത്തത്. പിന്നീട് 15 വർഷം മുമ്പ് ഭാര്യ വിജയമ്മ മരിച്ചപ്പോഴും കഴിഞ്ഞ വർഷം മകൻ സുമേഷ് വാഹനാപകടത്തിൽപ്പെട്ടപ്പോഴുമാണ് പദയാത്രയിൽ നിന്ന് സ്വയം ഒഴിവായത്. കൊവിഡ് കാലത്ത് ശിവഗിരി മഠം പദയാത്ര ഒഴിവാക്കിയപ്പോഴും പങ്കെടുക്കാനായില്ല. കണ്ണാടി പോസ്റ്റാഫിൽ പോസ്റ്റ്മാസ്റ്ററായിരുന്ന ശ്രീവത്സൻ 2022ലാണ് വിരമിച്ചത്. 65 -ാമത് ശിവഗിരി തീർത്ഥാടന പദയാത്രയിൽ പങ്കെടുത്തപ്പോൾ ലഭിച്ച ബാഡ്ജും സർട്ടിഫിക്കറ്റുമെല്ലാം നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.
ഗുരുദേവന്റെ 64 കൃതികളും ഡയറിയിൽ കൈപ്പടയിൽ എഴുതി കൊണ്ടുനടക്കാറുണ്ട്. പ്രധാനക്ഷേത്രങ്ങളിലെത്തുമ്പോൾ ഈ ഡയറി പൂജിക്കും. എസ്.എൻ.ഡി.പി യോഗം കണ്ണാടി ശാഖയുടെയും പിന്നീട് കണ്ണാടി കിഴക്ക് ശാഖയുടെയും പ്രസിഡന്റായി ദീർഘനാൾ പ്രവർത്തിച്ചു. ശിവഗിരി തീർത്ഥാടന പദയാത്രയിൽ ആരോഗ്യമുള്ള കാലത്തോളം പങ്കെടുക്കുമെന്ന് ശ്രീവത്സൻ 'കേരളകൗമുദി'യോട് പറഞ്ഞു.
91 -ാമത് പദയാത്രയിൽ 91 പേർ
ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് ഇന്ന് പുലർച്ചെ പുറപ്പെടുന്ന 91-ാമത് ശിവഗിരി തീർത്ഥാടന പദയാത്രയിൽ 91 പേരാണ് ഔദ്യോഗികമായി പങ്കെടുക്കുന്നത്. എട്ട് വയസുകാരി പൂച്ചാക്കൽ മാനാത്ത് വീട്ടിൽ ജിതേഷിന്റെ മകൾ അനാമിക മുതൽ 81 കാരൻ ശ്രീവത്സൻ വരെ പദയാത്രയുടെ ഭാഗമാകും. 91 ഔദ്യോഗിക പദയാത്രികർക്ക് പുറമെ 15 പേർ കൂടി സംഘത്തിലുണ്ട്> 71 പുരുഷന്മാരും 35 സ്ത്രീകളും. രാവിലെ 7.30ന് ആരംഭിക്കുന്ന പദയാത്ര 30ന് വൈകിട്ട് ശിവഗിരിയിൽ സമാപിക്കും.