# പദയാത്ര ഇന്ന് രാവിലെ 7.30ന് അദ്വൈതാശ്രമത്തിൽ നിന്ന് പുറപ്പെടും
ആലുവ: ശ്രീനാരായണ ഗുരുദേവനിലെ ഈശ്വര ചൈതന്യം ആളുകൾ നേരിട്ട് അനുഭവിച്ചതിനാലാണ് അദ്ദേഹത്തെ ദൈവമെന്ന് വിശേഷിപ്പിക്കുന്നതെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. 91-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളന ശതാബ്ദി പദയാത്രാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ഒരു വ്യക്തിയെയല്ല, സമൂഹത്തെയാകെ ഗുരുദേവൻ മാറ്റി. കെട്ടുകല്യാണത്തിനും ജന്തുബലിക്കുമെല്ലാം എതിരെ ഒറ്റയ്ക്ക് പോരാടി. ദൈവദൂതനെ പോലെ ഗുരു നാടു മുഴുവൻ സഞ്ചരിച്ചു. കൊലപാതകികളെയും മനുഷ്യരാക്കാൻ ഗുരുവിന് കഴിഞ്ഞെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു.
ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ചേർത്തല വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ എന്നിവർ ചേർന്ന് ക്യാപ്റ്റൻ എം.ഡി. സലിമിന് പീതപതാക കൈമാറി. സ്വാമി ധർമ്മചൈതന്യ അദ്ധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ഗുരുചൈതന്യ മഠം സെക്രട്ടറി സ്വാമി ദേവചൈതന്യ, അൻവർ സാദത്ത് എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ജി.ഡി.പി.എസ് രജിസ്ട്രാർ അഡ്വ. പി.എം. മധു, ചന്ദ്രൻ പുളിങ്കുന്ന്, എം.എൻ. മോഹനൻ, എം.ബി. രാജൻ, കെ.എൻ. ദിവാകരൻ എന്നിവർ സംസാരിച്ചു. പദയാത്രാ കമ്മിറ്റി ചെയർമാൻ കെ.കെ. ജോഷി സ്വാഗതവും ജനറൽ കൺവീനർ എൻ.കെ. ബൈജു നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 7.30ന് അദ്വൈതാശ്രമത്തിൽ നിന്നാരംഭിക്കുന്ന പദയാത്ര 30ന് വൈകിട്ട് ശിവഗിരിയിൽ എത്തിച്ചേരും.