കൊച്ചി: നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത്‌കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച പൊലീസിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെയും നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്ത പൊലീസ് സ്റ്റേഷൻമാർച്ച് എല്ലാ മണ്ഡലകേന്ദ്രങ്ങളിലും നടന്നു. കൊച്ചി കമ്മിഷണർ ഓഫീസിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസിന് നേരെ പ്രവർത്തകർ രണ്ടുവട്ടം കല്ലെറിഞ്ഞു. മൂന്ന് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ബാരിക്കേഡ് വടംകെട്ടി വലിച്ചുമറിച്ചിടാൻ സമരക്കാർ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. ഇതിനിടെ കല്ലേറുമുണ്ടായി. രാവിലെ 11.30 ഓടെ ഡി.സി.സി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് കൊച്ചി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു.

മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ബി.എ. അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ടി.ജെ. വിനോദ് എം.എൽ.എ, നേതാക്കളായ എൻ. വേണുഗോപാൽ, കെ.പി. ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ, മുഹമ്മദ് കുട്ടി, ടോണി ചമ്മിണി, എം.ആർ. അഭിലാഷ്, കെ.കെ. ഇബ്രാഹിംകുട്ടി, വി.കെ. മിനിമോൾ, സുനില സിബി, ആന്റണി കുരിയത്തറ, അബ്ദുൽ ലത്തീഫ്, കെ.വി. പോൾ, സേവിയർ തായങ്കേരി, അജിത്ത് അമീർ ബാവ, എം.ജെ. ടോമി, എൻ.ആർ. ശ്രീകുമാർ, പോളച്ചൻ മണിയൻകോട്ടി,കെ.രമേശൻ, കെ.സി. ടോമി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.