കൊച്ചി: എറണാകുളം നഗരത്തെ നടുക്കിയ ഒമ്പതു കൊലപാതകക്കേസുകളിൽ പ്രതിയായ എറണാകുളം തേവര മാമ്മാഞ്ഞിമുക്ക് കിണറ്റിങ്കൽ വീട്ടിൽ റിപ്പർ സേവ്യറെന്ന പണിക്കർ കുഞ്ഞുമോനെ അവസാന കൊലക്കേസിലും കോടതി വെറുതേവിട്ടു. ഇതോടെ സേവ്യർ ഉടൻ പുറത്തിറങ്ങും.

നേരത്തെ എട്ടു കൊലക്കേസുകളിൽ സേവ്യറിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി, സുഹൃത്തായിരുന്ന ഉണ്ണികൃഷ്‌ണനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീലിൽ ശിക്ഷ റദ്ദാക്കി ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സേവ്യറിനെ വെറുതേവിട്ടു. കടത്തിണ്ണകളിൽ രാത്രി ഉറങ്ങിക്കിടക്കുന്നവരെ കല്ലുകൊണ്ടു തലയ്ക്കിടിച്ചു കൊലപ്പെടുത്തി കവർച്ച നടത്തിയെന്ന കേസുകളാണ് സേവ്യറിനെതിരെ പൊലീസ് ചുമത്തിയിരുന്നത്.

ഏഴ് വർഷമായി സേവ്യർ ജയിലിലാണ്. 2016 മാർച്ച് ഏഴിന് എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന നെഞ്ചുണ്ണിയെന്ന ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യം അറസ്റ്റിലായത്. പൊലീസ് അന്വേഷണത്തിൽ 2009 ആഗസ്റ്റ് 27നു ബ്രോഡ്‌വേക്കു സമീപം സന്താനം, 2009 നവംബർ 9ന് ബേസിൻ റോഡിൽ തകര (60), 2014 ജനുവരി 17നു കലൂർ ആസാദ് റോഡിൽ പരമേശ്വരൻ (70), 2015 ഒക്ടോബർ 17നു നോർത്ത് റെയിൽവേ മേൽപ്പാലത്തിനടിയിൽ സെൽവം (28), 2007ൽ തൃക്കാക്കര മുനിസിപ്പൽ വ്യാപാര സമുച്ചയത്തിനു മുന്നിൽ വയോധികൻ, 2008ൽ കളക്ടറേറ്റിന് സമീപം ചായക്കടയ്ക്കു മുന്നിൽ ഉറങ്ങിക്കിടന്ന യുവാവ്, 2008ൽ ഇടപ്പള്ളി പഴയ റെയിൽവേ ഗേറ്റിനു സമീപം അബ്ദുൽ ഖാദർ (70), 2008ൽ തന്നെ വരാപ്പുഴ ചെറിയപള്ളിക്കു സമീപം പ്രതാപചന്ദ്രൻ (72) എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലും ഇയാൾ പ്രതിയാണെന്ന് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി.

ഉണ്ണികൃഷ്‌ണനെ കൊലപ്പെടുത്തിയത് ഒഴികെ മറ്റെല്ലാ കേസുകളിലും വിചാരണക്കോടതികൾ സേവ്യറിനെ വെറുതേവിട്ടു. കുറ്റങ്ങൾ ഫലപ്രദമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിലയിരുത്തിയായിരുന്നു ഇത്.