കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ മേല്പാലത്തിൽ വച്ച് കാറിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. എറണാകുളം സെമിത്തേരിമുക്കിൽ താമസിക്കുന്ന സക്കറിയാ കട്ടിക്കാരൻ എന്നയാളാണ് കാർ ഓടിച്ചിരുന്നത്. പാലത്തിന് മുകളിൽ എത്തിയപ്പോൾ ബോണറ്റിൽനിന്ന് ശക്തമായ പുക ഉയരുന്നതുകണ്ട് കാർ നിറുത്തി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഗാന്ധിനഗർ, ക്ലബ് റോഡ് നിലയങ്ങളിൽ നിന്നുള്ള ഫയർഫോഴ്സിന്റെ ഓരോ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.