
കോലഞ്ചേരി: ക്രിസ്മസ് വിപണി പിടിക്കാൻ കേരള ചിക്കൻ. 121 ഔട്ട്ലെറ്റുകളും 359 ഫാമുകളിലുമായി ക്രിസ്മസ് രുചി നുകരാനുള്ള കോഴികൾ റെഡിയായി. ക്രിസ്മസ് പുതുവത്സരമായി വിപണിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിർത്തുന്നതിന് കുടുംബശ്രീ ചിക്കന് കഴിഞ്ഞിട്ടുണ്ട്.
കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് ഇതു വരെ 208 കോടി രൂപയുടെ വിറ്റുവരവായി. പ്രതിദിനം ശരാശരി 25,000 കിലോ കോഴിയിറച്ചിയുടെ വിപണനമാണ് ഔട്ട്ലെറ്റുകൾ വഴി നടക്കുന്നത്. പൊതു വിപണിയെ അപേക്ഷിച്ച് ലഭിക്കുന്ന വിലക്കുറവും ഗുണനിലവാരവുമാണ് കേരള ചിക്കന് ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത നൽകുന്നത്. ഇതോടൊപ്പം സംശുദ്ധമായ കോഴി ഇറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്.
കേരള ചിക്കൻ
2019ൽ എറണാകുളം ജില്ലയിലാണ് തുടക്കം. പിന്നീട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,കണ്ണൂർ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഫാമുകളിൽ നിന്നും വളർച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികയെടുത്ത ശേഷം കേരള ചിക്കൻ ഔട്ട്ലെറ്റുകളിൽ എത്തിച്ചു വിപണനം നടത്തുകയാണ് രീതി. പദ്ധതിയിൽ ഉൾപ്പെട്ട കോഴി വളർത്തൽ കർഷകർക്ക് രണ്ട് മാസത്തിലൊരിക്കൽ ശരാശരി 50,000 രൂപ വളർത്തു കൂലിയായി ലഭിക്കുന്നുണ്ട്. ഈയിനത്തിൽ നാളിതു വരെ 19.68 കോടി രൂപയാണ് കുടുംബശ്രീ കർഷകർക്ക് നൽകിയിട്ടുള്ളത്. ഔട്ട്ലെറ്റുകൾ നടത്തുന്ന ഗുണഭോക്താക്കൾക്കും പദ്ധതി ലാഭകരമാണ്. പ്രതിമാസം ശരാശരി 87,000 രൂപയാണ് ഇവർക്ക് വരുമാനമായി ലഭിക്കുന്നത്.
സ്ത്രീകൾ കടന്നുവരുന്നു
കുറഞ്ഞ മുതൽ മുടക്കിൽ സുസ്ഥിര വരുമാനം നേടാൻ സഹായകരമാകുന്ന തൊഴിലെന്ന നിലയ്ക്ക് കൂടുതൽ വനിതകൾ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. ജില്ലയിലെ ആലുവ വാഴക്കുളം, കിഴക്കമ്പലം, എടത്തല, പള്ളുരുത്തി, ആലങ്ങാട്, പറവൂർ, മലയാറ്റൂർ, മുളന്തുരുത്തി, വൈപ്പിൻ പള്ളിപ്പുറം, മുളവുകാട്, കൂവപ്പടി, എടവനക്കാട്, ഏഴിക്കര, ഇടപ്പള്ളി എന്നിവിടങ്ങളിൽ ഔട്ട് ലെറ്റുകളുണ്ട്.
ഇന്നത്തെ വില കിലോ 113