ആലുവ: ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണം നീളുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി സ്റ്റാൻഡിൽ താത്കാലിക ടോയ്‌ലെറ്റ് സൗകര്യം ഒരുക്കാൻ തീരുമാനം. ഉപയോഗശൂന്യമായ ടോയ്ലറ്റ് അടിയന്തരമായി നവീകരിക്കും. സ്റ്റാൻഡിൽ ഇ ടോയ്‌ലെറ്റ് സ്ഥാപിക്കുന്നതിന് തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റിന്റെ സഹായം തേടാനും തീരുമാനിച്ചു.
'ആലുവയിലെത്തിയാൽ യാത്രക്കാർക്ക് 'ശങ്ക' തീർക്കാൻ ഇടമില്ല!' എന്ന തലക്കെട്ടിൽ 20ന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. തിരുവൈരാണിക്കുളം ക്ഷേത്രം നടതുറക്കുന്നതോടെ ആലുവ സ്റ്റാൻഡിൽ യാത്രക്കാർക്ക് ദുരിതമേറുമെന്ന് ചൂണ്ടിക്കാട്ടിയാണ് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചത്. നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ചുള്ള സ്‌പെഷ്യൽ സർവീസ് 26 മുതൽ ജനുവരി ആറ് വരെ നടത്തുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച ചേർന്ന ഉദ്യോഗസ്ഥരുടെ ആലോചനാ യോഗത്തിലാണ് 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയ വിഷയങ്ങളും ചർച്ചയായത്.
സ്റ്റാൻഡിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്ത് ഒരേസമയം 30 ബസുകൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കും. സ്പെഷ്യൽ സർവീസിനായി വിവിധ ഡിപ്പോകളിൽ നിന്നായി 12 ബസുകളാണ് എത്തുന്നത്. ഇതിലെ ജീവനക്കാർക്ക് താമസിക്കുന്നതിന് ഒരു വീടും സ്റ്റാന്റിൽ പാർക്ക് ചെയ്തിട്ടുള്ള ഒരു ലോ ഫ്ളോർ എ.സി ബസും ഉപയോഗിക്കും.
നവീകരണം പൂർത്തിയാക്കാത്തതിനാൽ അഞ്ച് വർഷത്തിലേറെയായി സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. പലവട്ടം നീണ്ട നവീകരണം ജനുവരി 30നകം പൂർത്തിയാക്കുമെന്നാണ് ഒടുവിലത്തെ പ്രഖ്യാപനം. പാർക്കിംഗ് ഏരിയ കോൺക്രീറ്റിംഗും മാലിന്യസംസ്കരണ സംവിധാനത്തിന്റെ നിർമ്മാണവും ദ്രുതഗതിയിൽ നടക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസർ (സോണൽ) സെബി, ക്ളസ്റ്റർ ഓഫീസർ റോയി, ഡിപ്പോ സൂപ്രണ്ട് മീര, സാജു, വിവിധ തൊഴിലാളി യൂണിയൻ നേതാക്കളായ പ്രദീപ്, ടി.വി. അനിൽകുമാർ, ഷാജിമോൻ, പി.വി. സതീഷ്, ജി. മുരളികൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.