manoj

ആലുവ: ആലുവ ജനസേവയിലെ മനോജ് മഞ്ജുനാഥിന് കാലിക്കറ്റ് സർവ്വകലാശാല ഫുട്‌ബാൾ ടീമിൽ ഇടം ലഭിച്ചു. കുന്നംകുളം എം.ഡി കോളേജ് ടീമംഗവും മുന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയുമാണ് മനോജ്. ചെന്നൈ എസ്.ആർ.എം യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ 25ന് ആരംഭിക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി ഫുട്‌ബാൾ ടൂർണമെന്റിൽ കാലിക്കട്ട് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി മനോജും ജേഴ്സിയണിയും.

അങ്കമാലി സ്വദേശിയായ പരിശീലകൻ മാത്യു ഐസക്കിന്റെ കീഴിലാണ് നിലവിൽ മനോജിന്റെ പരിശീലനം. ലെഫ്റ്റ് വിംഗ് ഫോർവേഡ് പ്ലെയറായാണ് മനോജ് കളിക്കളത്തിലിറങ്ങുന്നത്. 2008ലാണ് ജീവിതം വഴിമുട്ടിയ കർണാടക സ്വദേശിയായ മനോജ് ജനസേവയിലെത്തിയത്. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ മനോജ് മികച്ച ഫുട്‌ബാൾ കളിക്കാരനായിരുന്നു. നെടുമ്പാശേരി എം.എ.എച്ച്.എസ് സ്‌കൂൾ ഫുട്‌ബാൾ ടീമിലെ മികച്ച കളിക്കാരനുമായിരുന്നു. ജനസേവ സ്‌പോർട്‌സ് അക്കാഡമിയിലെ സോളി സേവ്യറായിരുന്നു മനോജിന്റെ ആദ്യ പരിശീലകൻ.

ഫുട്‌ബാളിനോടുള്ള മനോജിന്റെ താത്പര്യം കണ്ട ഇപ്പോഴത്തെ കോച്ച് മാത്യുവിന്റെ നേത്യത്വത്തിലും സ്‌പോൺസർഷിപ്പാലുമാണ് കോഴിക്കോട് ചേലാംബ്ര സ്‌പോർട്‌സ് സ്‌കൂളിൽ പ്ളസ് ടു വിദ്യാഭ്യാസം തുടർന്നത്. മനോജ് 2019ലെ സുബ്രതോ മുഖർജി അന്താരാഷ്ട്ര ടൂർണമെന്റിൽ കളിച്ചിരുന്നു.

ജനസേവ മക്കളുടെ കായിക പ്രതിഭ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജോസ് മാവേലിയുടെ നേതൃത്വത്തിൽ ജനസേവ സ്‌പോട്‌സ് അക്കാഡമി 2008ലാണ് ആരംഭിച്ചത്. കഴിഞ്ഞവർഷം സന്തോഷ് ട്രോഫി ടീമിൽ ഇടം നേടിയ ബിബിൻ അജയനടക്കം നിരവധി കുട്ടികൾ ജനസേവ സ്‌പോട്‌സ് അക്കാഡമിയിലെ പരിശീലനം ലഭിച്ച് പ്രതിഭ തെളിയിച്ചിട്ടുണ്ട്.