vegi

കൊച്ചി: ഉത്സവ സീസണിൽ സംസ്ഥാനത്ത് പച്ചക്കറിവില ഉയ‌ർന്നുതന്നെ. തമിഴ്നാട്ടിലെ വെള്ളപ്പൊക്കമോ ഉത്പാദനക്കുറവോ അല്ല കാരണമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന. മൊത്തവില തന്നെ ഉയ‌ർന്നുനിൽക്കുന്നതിനിടെ, ചില്ലറവില്പന വില തോന്നുംപോലെ ഈടാക്കുകയാണ്. പ്രധാന മാർക്കറ്റുകളിൽ നിന്നുള്ള പച്ചക്കറി കടകളിലെത്തുമ്പോൾ കിലോയ്ക്ക് 25 രൂപവരെയാണ് വ്യത്യാസം.

ആവശ്യകത കുറഞ്ഞ ഇനങ്ങൾക്ക് മാത്രമാണ് വലിയ വിലവ്യതിയാനമില്ലാത്തത്. ക്രിസ്മസ് പ്രമാണിച്ച് വരും ദിനങ്ങളിൽ വില വീണ്ടും ഉയരാനിടയുണ്ട്. ന്യായവില ഉറപ്പാക്കാൻ അധികൃതരുടെ ശക്തമായ ഇടപെടൽ വേണമെന്നാണ് ആവശ്യം.

എറണാകുളം മാർക്കറ്റിൽ നിലവിൽ പച്ചമുളക്, ചെറിയ ഉള്ളി തുടങ്ങിയ കുറച്ച് ഇനങ്ങൾക്കു മാത്രമാണ് കഴിഞ്ഞമാസത്തേക്കാൾ വിലവ‌ർദ്ധനയുള്ളത്. ഇ‌ഞ്ചിയുടെ ഉയർന്നവില തുടരുകയാണ്. അതേസമയം അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന പച്ചക്കറികൾക്ക് ശരാശരി 40 രൂപയാണ് മൊത്തവില്പന വില. ഇത് നഗരത്തിൽത്തന്നെയുള്ള ചില്ലറ മാർക്കറ്റുകളിലെത്തുമ്പോൾ കിലോയ്ക്ക് 15 രൂപ വരെ ഉയരുന്നുണ്ട്. ഇതേ പച്ചക്കറി കടകളിലേക്കു നീങ്ങുമ്പോൾ വണ്ടിക്കൂലിയുടെ പേരിൽ അന്യായവിലയിലെത്തും. ഗുണനിലവാരത്തിന്റെ സാങ്കേതികതയിൽ തൂങ്ങുന്നതിനാൽ വില ഏകോപനവും ഉണ്ടാകുന്നില്ല. മത്തൻ, കുമ്പളം, കാബേജ് തുടങ്ങി ഏതാനും ഇനങ്ങളുടെ വിലയിൽ ആശ്വാസമുണ്ട്. കടച്ചക്ക പോലെ ഒഫ് സീസൺ നാടൻ ഇനങ്ങൾക്ക് അതത് പ്രദേശത്ത് കൽപിക്കുന്നതാണ് വില.

'കഴിഞ്ഞമാസം വരെ ഒരു ദവിസം ശരാശരി 1,400 രൂപയുടെ പച്ചക്കറിയാണ് വേണ്ടിയിരുന്നത്. ഇപ്പോൾ 1,900 രൂപയെങ്കിലും ചെലവിടേണ്ടി വരുന്നു'

നഗരത്തിലെ ഹോട്ടലുടമ

പച്ചക്കറി കിലോ മൊത്തവില രൂപയിൽ

(കടകളിലെ വില ബ്രായ്ക്കറ്റിൽ)

തക്കാളി 30- 40 ( 40-50)

ബീൻസ് 40 -50 (60- 80)

വെണ്ട 30- 40 (40- 50)

കൂർക്ക 50 - 60 (70- 80)

ബീറ്റ്റൂട്ട് 30- 40 (40-50)

ഇഞ്ചി 210- 220 (230- 240)

കാരറ്റ് 40-50 (50- 60)

പാവയ്ക്ക 50 -60 (60- 70)

മുരിങ്ങയ്ക്ക 50- 60 (60- 80)

മാങ്ങ 80-90 (100-110)

മുളക് 45 -50 (50- 60)

കായ 32 -34 (40 - 45)