# അവലോകന യോഗം ചേർന്നു
# ആകെ നിവേദനങ്ങൾ 40,330
# വകുപ്പുകൾക്ക് കൈമാറിയത് 25,000

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ജില്ലയിലെ 10 നവകേരള സദസുകളിൽ ലഭിച്ച നിവേദനങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനം. ലഭിച്ച അപേക്ഷകളുടെ പരിഹാരത്തിന് ഓരോ വകുപ്പുകളും പ്രത്യേക പരിഗണന നൽകാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ വിളിച്ചുചേർന്ന അവലോകനയോഗം തീരുമാനിച്ചു.
ജില്ലയിൽ ലഭിച്ച നിവേദനങ്ങൾ സംബന്ധിച്ചും അവയിൽ സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനും ചേർന്ന വിവിധ വകുപ്പ് മേധാവികളെ പങ്കെടുത്ത ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.
ജില്ലയിൽ 10 നിയോജകമണ്ഡലങ്ങളിൽ നിന്നായി 40,330 നിവേദനങ്ങളാണ് ലഭിച്ചത്. അതിൽ 25,000 അപേക്ഷകൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകൾക്കാണ് കൂടുതൽ അപേക്ഷ ലഭിച്ചത്.
പരമാവധി വേഗത്തിൽ ഓരോ വകുപ്പുകൾക്കും ലഭിച്ച നിവേദനങ്ങളിൽ നടപടിയുണ്ടാകും. അപേക്ഷ സമർപ്പിച്ചവർക്ക് കൃത്യമായി മറുപടിയും ലഭ്യമാക്കുന്നുണ്ട്. യോഗത്തിൽ ഓരോ വകുപ്പുകളും തങ്ങൾക്ക് ഇതുവരെ കിട്ടിയ അപേക്ഷകളും അതിന്മേൽ സ്വീകരിച്ച നടപടികളും വിശദീകരിച്ചു.
കളക്ടറേറ്റ് ട്രെയിനിങ് ഹാളിൽ ചേർന്ന യോഗത്തിൽ ഹുസൂർ ശിരസ്തദാർ അനിൽകുമാർ മേനോൻ, തഹസിൽദാർമാർം വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നാലിടങ്ങളിൽ ബാക്കി
ജില്ലയിൽ മാറ്റിവച്ച നാലു നിയമസഭാ മണ്ഡലങ്ങളിലെ നവകേരളസദസ് ജനുവരി ഒന്ന്, രണ്ട് തിയതികളിൽ സംഘടിപ്പിക്കും. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലാണ് സദസ് ബാക്കിയുള്ളത്. സദസുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന് രാജേന്ദ്രന്റെ നിര്യാണത്തെത്തുടർന്നാണ് നവകേരള സദസുകൾ മാറ്റിവച്ചത്.