
ആലുവ: കുന്നത്തേരിയിലെ കാരുണ്യപ്രവർത്തനങ്ങളിൽ എപ്പോഴും പഞ്ചായത്ത് അംഗം ശിവാനന്ദന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കും. പൊതുജനങ്ങളുടെ ഏത് ആവശ്യത്തിനും ജാതിമത, രാഷ്ട്രീയം വ്യത്യാസംകൂടാതെ ശിവാനന്ദൻ രംഗത്തുണ്ടാകും.
നിർധന രോഗികൾക്ക് മരുന്ന് എത്തിച്ച് നൽകിയതിലൂടെ ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരിയിൽ നിന്നുള്ള പ്രതിനിധിയായ ശിവാനന്ദൻ കാരുണ്യപ്രവർത്തനത്തിന്റെ പുതിയൊരു ഏടുകൂടി എഴുതിച്ചേർത്തു. സർക്കാരിന്റെ സാമൂഹിക ക്ഷേമ പെൻഷൻ മുടങ്ങി മരുന്ന് വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിയവർക്കും വയോജനങ്ങൾക്കും കിഡ്‌നി, കാൻസർ രോഗികൾക്കുമാണ് കെ.കെ. ശിവാനന്ദൻ സൗജന്യമായി മരുന്നുകൾ വീടുകളിൽ എത്തിച്ചുനൽകിയത്. ഇവരിൽ കൂടുതലും കിടപ്പ് രോഗികളാണ്.
തന്റെ ഓണറേറിയവും നാട്ടുകാരിൽ ചിലരുടെ സഹായവും ഉപയോഗിച്ച് 25,000 രൂപയുടെ മരുന്നുകളാണ് വിതരണം ചെയ്തതെന്ന് കെ.കെ. ശിവാനന്ദൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖാ വൈസ് പ്രസിഡന്റുകൂടിയാണ് അദ്ദേഹം.