ആലുവ: ആലുവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയും എൻ.എസ്.എസ് യൂണിറ്റും സേവന പ്രവർത്തനത്തിൽ മാതൃക തീർക്കുന്നു. 'സഹപാഠിക്കൊരു സ്നേഹഭവനം, സഹോദരിക്ക് ചികിത്സാപണം' എന്ന ലക്ഷ്യം മുൻനിർത്തി ലക്ഷക്കണക്കിന് രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഒരേസമയം ഏറ്റെടുക്കുന്നത്.

സ്വന്തമായി ഭൂമിയില്ലാത്ത സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനിക്ക് സ്ഥലം വാങ്ങി വീടും നിർമ്മിക്കുകയും സെറിബ്രൽ പാൾസി രോഗബാധിതയായ മൂത്ത സഹോദരിക്ക് ചികിത്സയ്ക്ക് പണം കണ്ടെത്തുകയുമാണ് ലക്ഷ്യം. പിതാവ് മരിച്ച പ്ളസ് വൺ വിദ്യാർത്ഥിനി മാതാവിനും രോഗബാധിതയായ സഹോദരിക്കും ഇളയ സഹോദരിക്കുമൊപ്പം ചുണങ്ങംവേലി പുഷ്പനഗറിലെ വാടക വീട്ടിലാണ് താമസം. വീട്ടുവാടക നൽകുന്നതിനും നിത്യചെലവിനും ചികിത്സയ്ക്കും പഠനാവശ്യത്തിനും പണമില്ലാതെ ക്ളേശിക്കുന്ന കുടുംബത്തെ സഹായിക്കാനാണ് സഹപാഠികൾ രംഗത്തിറങ്ങിയത്.

വീട് നിർമ്മാണത്തിന് സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.

ഡോ. ടോണി ഫെർണാണ്ടസ്, ശ്രീലത രാധാകൃഷ്ണൻ, എം.ജി. റോസ (രക്ഷാധികാരികൾ), വി.എസ്. സതീശൻ (ചെയർമാൻ), ഷിബു ജോയി (കൺവീനർ), കെ.ടി. റെജി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. എസ്.ബി.ഐ ആലുവ മെട്രോ സ്റ്റേഷൻ ശാഖയിൽ 'സ്നേഹവീട്' എന്ന പേരിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 42532884505. ഐ.എഫ്.എസ്.സി: SBIN0071019.