ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിൽ മുൻ അസിസ്റ്റന്റ് എൻജിനിയറുടെയും കരാറുകാരന്റെയും അഴിമതിയും കെടുകാര്യസ്ഥതയും മൂലം തകർന്ന റോഡുകൾ വിജിലൻസ് സംഘവും ജോയിന്റ് ഡയറക്ടറുടെ സംഘവും പരിശോധിച്ചു. നാല് റോഡുകളുടെ നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിറങ്ങര റെസിഡന്റ്സ് അസോസിയേഷനും മറ്റ് സംഘടനകളും പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്ന് അസിസ്റ്റന്റ് എൻജിനിയർ അമലു വി. ഗോപാലിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കനം കുറവുള്ള ടൈലുകൾ ഉപയോഗിച്ചതിനാൽ അഞ്ചു കൊല്ലം ഗ്യാരണ്ടിയുള്ള റോഡുകൾ മൂന്നുമാസത്തിനുള്ളിൽ തകർന്നു. എക്സിക്യുട്ടീവ് എൻജിനിയറുടെ റിപ്പോർട്ടിൽ റോഡ് നിർമ്മാണത്തിലെ അഴിമതി അക്കമിട്ടു വിവരിച്ചിട്ടുണ്ട്. അഴിമതി നടത്തിയവരിൽ നിന്നും തുക തിരികെ പിടിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.