
കൊച്ചി: ഭരതനാട്യത്തെ പ്രണയിച്ച് ചിലങ്കയണിഞ്ഞ ശ്രീലങ്കൻ വംശജരായ ഡോക്ടർ സഹോദരിമാർക്ക് കൊച്ചിയിൽ ഇന്ന് അരങ്ങേറ്റം. ശ്രീലങ്കയിൽ ജനിച്ച് മലേഷ്യയിൽ വളർന്ന് ചെക്ക് തലസ്ഥാനമായ പ്രാഗിൽ ജോലിചെയ്യുന്ന ഷാലിനി ഡോൺ കഹ്‌ത പേട്ടിയ, ഉപ്ഷര ഡോൺ കഹ്‌ത പേട്ടിയ എന്നിവരാണ് ഇന്നു വൈകിട്ട് ആറിന് ടൗൺഹാളിൽ രണ്ടു മണിക്കൂർ ഭരതനാട്യക്കച്ചേരി നടത്തുക.
കൊറോണക്കാലത്ത് ഇൻസ്റ്റഗ്രാമിൽ നർത്തകി ഉത്തര ഉണ്ണിയുടെ നൃത്ത വീഡിയോകൾ കണ്ട് താത്പര്യം തോന്നി ശിഷ്യത്വം സ്വീകരിച്ച് ഓൺലൈനിൽ ഭരതനാട്യം അഭ്യസിക്കുകയായിരുന്നു. 4 വർഷം കൊണ്ട് പഠനംപൂർത്തിയാക്കി രണ്ടാഴ്ചമുമ്പ് ഉത്തരയുടെ കൊച്ചിയിലെ വസതിയിലെത്തി പോരായ്മകൾ പരിഹരിച്ചു. കൊച്ചിക്കാഴ്ചകളും ഭക്ഷണവും ഒരുപാട് ഇഷ്ടമായി.
പുഷ്പാഞ്ജലി മുതൽ തില്ലാനവരെയുള്ള ഇനങ്ങളാണ് ഇന്നവതരിപ്പിക്കുന്നത്. ഇവരുടെ മാതാപിതാക്കളും ബന്ധുക്കളും എത്തിയിട്ടുണ്ട്. മേയർ അനിൽ കുമാറും നർത്തകിയും ചലച്ചിത്ര താരവുമായ ശ്രീദേവി ഉണ്ണിയും മുഖ്യാതിഥികളാണ്.
കാലിലെ ആംഗിൾ ബോണിന് വരുന്ന ബാക്ടീരിയൽ ഇൻഫെക്ഷനെ തുടർന്ന് 9ാം വയസിൽ ചലനശേഷി നഷ്ടപ്പെട്ട ഷാലിനി ഇടതുകാൽ മുറിക്കേണ്ട അവസ്ഥയിൽ നിന്ന് ശസ്ത്രക്രിയയിലൂടെയാണ് രക്ഷപ്പെട്ടത്.