കൊച്ചി: കുസാറ്റിൽ തിക്കിലും തിരക്കിലും നാലുപേർ മരിക്കാനിടയായ സംഗീത നിശയ്ക്ക് മതിയായ സുരക്ഷ ഒരുക്കാൻ നടപടിയെടുത്തില്ലെന്ന ആരോപണം ശരിയല്ലെന്ന് സ്കൂൾ ഒഫ് എൻജിനിയറിംഗ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണമാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലാണിത്.
നവംബർ 24, 25 തീയതികളിൽ നടക്കുന്ന പരിപാടികൾക്ക് വേണ്ടത്ര സുരക്ഷയൊരുക്കണമെന്നും പൊലീസിന്റെ സഹായം തേടണമെന്നും സർവകലാശാല രജിസ്ട്രാർക്ക് നവംബർ 24 ന് കത്തു നൽകിയിരുന്നു. ഫോണിലും വിളിച്ചു പറഞ്ഞിരുന്നു. പരിപാടി നടത്താനിരുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം സ്കൂൾ ഒഫ് എൻജിനിയറിംഗിനു പുറത്താണെന്നതും രജിസ്ട്രാറാണ് ഇതിന്റെ കസ്റ്റോഡിയൻ എന്നതും കണക്കിലെടുത്താണ് കത്തു നൽകിയത്. പരിപാടിക്ക് സർവകലാശാലയുടെ അനുമതി വാങ്ങിയിരുന്നു. വകുപ്പ് മേധാവികളെയും ഫാക്കൽട്ടി അംഗങ്ങളെയും വിവിധ ചുമതല നൽകി പരിപാടിയുടെ നടത്തിപ്പിന് നിയോഗിച്ചിരുന്നു. ഫാക്കൽട്ടി കോഓർഡിനേറ്റർ ഗിരീഷ് കുമാരൻ തമ്പിയടക്കമുള്ള സ്റ്റാഫ് അഡ്വൈസർമാർ വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നു. തിരക്കു നിയന്ത്രിക്കൽ പൊലീസടക്കമുള്ള സുരക്ഷാ വിഭാഗത്തിനാണ് ഫലപ്രദമായി ചെയ്യാൻ കഴിയുകയെന്നും താനടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്ന ഹർജിക്കാരന്റെ വാദം തെറ്റാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം, പൊലീസ് അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് നൽകാൻ സമയം വേണമെന്നും സർക്കാരിനു വേണ്ടി ഹാജരായ എ.ജി കോടതിയിൽ അറിയിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ക്രിസ്‌മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.