നെടുമ്പാശേരി: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 12.40ഓടെ ചെങ്ങമനാട് കുളവൻകുന്ന് റോഡിൽ സരസ്വതി സ്കൂളിന് സമീപം കുളവൻകുന്ന് സ്വദേശി സിജിത്തിന്റെ മകനെയാണ് തട്ടി ക്കൊണ്ടുപോകാൻ ശ്രമിച്ചത്.
പാറക്കടവ് എൻ.എസ്.എസ് സ്കൂൾ വിദ്യാർത്ഥിയാണ്. അമ്പലനട സ്റ്റോപ്പിൽ ബസ് ഇറങ്ങിയ ശേഷം തനിയെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. എതിർദിശയിൽ നിന്നുമെത്തിയ കാറിൽ നിന്നിറങ്ങിയ ഒരാൾ കുട്ടിയെ വലിച്ചുകയറ്റാൻ ശ്രമിച്ചു. ഇയാളുടെ കൈയ്യിൽ കടിച്ചാണ് രക്ഷപ്പെട്ടതെന്ന് കുട്ടി പറഞ്ഞു. കാറിൽ രണ്ട് പേരുണ്ടായിരുന്നുവെന്നും താടിവച്ചയാളാണ് ബലമായി കാറിൽ കയറ്റാൻ ശ്രമിച്ചത്. ഈ സമയം പിന്നിൽ നിന്ന് ബൈക്ക് വന്നതോടെ അക്രമികൾ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി.
സംഭവത്തിന് ശേഷം മുക്കാൽ കിലോ മീറ്ററോളം ദൂരത്തുള്ള വീട്ടിൽ ഓടിയെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. കുട്ടിയുടെ കയ്യിൽ അക്രമിയുടെ നഖം കൊണ്ട് മുറിഞ്ഞ പാടുണ്ടെന്ന് അമ്മ പറഞ്ഞു. കുടുംബാംഗങ്ങൾ ചെങ്ങമനാട് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് കുട്ടിയെയും കൂട്ടി പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
കാറും അക്രമികളെയും കണ്ടാൽ തിരിച്ചറിയുമെന്ന് കുട്ടി പറയുന്നുണ്ട്. സമീപത്തെ എൻജിനിയറിംഗ് വർക്ക് ഷോപ്പിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോൾ കുട്ടി പറഞ്ഞ സമയത്ത് നീലനിറമുള്ള ഒരു കാർ റോഡിലൂടെ കടന്ന് പോയിട്ടുണ്ട്. അല്പം മാറി പ്രധാന റോഡിലെ ബേക്കറിയുടെ കാമറ പരിശോധിച്ചപ്പോൾ കാർ കുറുമശേരി ഭാഗത്തേക്ക് പോയതായും വ്യക്തമാണ്. എന്നാൽ സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്ത് കാമറ ഇല്ലാത്തതിനാൽ കുട്ടിയെ വലിച്ച് കയറ്റാൻ ശ്രമിച്ചുവെന്നതിന് തെളിവൊന്നുമില്ല.
ബൈക്ക് യാത്രികനെ കണ്ടെത്തി അന്വേഷിച്ചപ്പോൾ അത്തരമൊരു സംഭവം അദ്ദേഹത്തിനും അറിവില്ലെന്ന് പറഞ്ഞുവെന്നും പൊലീസ് പറഞ്ഞു. ചെങ്ങമനാട് സി.ഐ സോണി മത്തായിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.