
കൊച്ചി: മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്" എന്ന സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന ഹർജിയിൽ പ്രദർശനം വിലക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. തന്റെ തിരക്കഥ മോഷ്‌ടിച്ചെന്ന് ആരോപിച്ച് തൃശൂർ അരിമ്പൂർ സ്വദേശി ദീപു കെ.ഉണ്ണിയാണ് ഹർജി നൽകിയത്. സിനിമ ഇന്നലെ റിലീസ് ചെയ്തിരുന്നു. സിനിമയുടെ കഥ ഹർജിക്കാരന്റേതാണെന്ന് പറയുന്നില്ല. തന്റെ തിരക്കഥയാണെന്നും പ്രതിഫലം നൽകിയില്ലെന്നുമാണ് ആരോപണം. ഇക്കാര്യത്തിൽ നിയമപരമായി തീരുമാനമെടുക്കാനാവും. അതിന്റെ പേരിൽ പ്രദർശനം വിലക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഹർജിക്കാരന്റെ കഥയല്ല ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ജിത്തു ജോസഫ് ഉൾപ്പെടെയുള്ള എതിർ കക്ഷികൾ വാദിച്ചു. ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി.