കൊച്ചി: നഗരവാസികളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കാൻ പുതിയ പദ്ധതിയുമായി കൊച്ചി കോർപ്പറേഷൻ. സമഗ്ര ആരോഗ്യ പരിപാലനത്തിനുള്ള ഹാപ്പിനസ് കൊച്ചി- കെയറിംഗ് ഫോർ ദി വെൽനെസ് ഒഫ് ഓൾ പദ്ധതിയിലൂടെ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന എല്ലാവർക്കും പിന്തുണ നൽകുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ടൗൺ ഹാളിൽ മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ. ഫിലിപ്പ് ജോൺ നിർവഹിക്കും.
നഗരത്തിലെ എല്ലാ വിഭാഗത്തിലുള്ളുവരുടെയും മാനസികാരോഗ്യ പരിപാലനത്തിന് വേണ്ടിയുള്ള സമഗ്രമായ പദ്ധതിയാണിത്. നഗരവാസികളുടെ മാനസികാരോഗ്യം ഗുണപരമായി ഉയർത്തുകയും നഗരത്തിൽ മാനസികാരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കുകയുമാണ് ലക്ഷ്യം. കൊവിഡ് കാലത്ത് കോർപ്പറേഷന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികളുടെയും മാനസികാരോഗ്യ വിദഗ്ദ്ധരുടെയും സഹായത്തോടെ മാനസികാരോഗ്യ പരിപാലനത്തിനായി മറ്റൊരു പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത് വിജയം കണ്ടതോടെയാണ് ഹാപ്പിനസ് പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്.
കൊച്ചി കപ്പൽശാലയുടെ സി.എസ്.ആർ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ കൊച്ചി മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. യോഗ തെറാപ്പിസ്റ്റ് ഡോ. അഖില വിനോദ് 'സ്‌ട്രെസ് മാനേജ്മന്റ്' എന്ന വിഷയത്തിൽ സംസാരിക്കും. എഴുത്തുക്കാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ് വിശിഷ്ടാഥിതിയായിരിക്കും.
മാനസികാരോഗ്യം ഉറപ്പാക്കും
മാനസികാരോഗ്യ വിദഗ്ദ്ധർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാലയങ്ങൾ തുടങ്ങി എല്ലാവരെയും ഒരു കുടക്കീഴിയിൽ കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. മാനസികാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ, നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾക്ക് പദ്ധതിയോടു ചേർന്ന് പ്രവർത്തിക്കുവാൻ അവസരം ഒരുക്കുന്നതിനായുള്ള മാനസികാരോഗ്യ ഇന്റേൺഷിപ്പ് പ്രോഗ്രാം എന്നിവ സംഘടിപ്പിക്കും. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും കുടുംബശ്രീ അംഗങ്ങൾക്കുമായുള്ള ബോധവത്കരണ പരിപാടികൾ, നഗരത്തിലുടനീളമുള്ള മാനസികാരോഗ്യവും ആരോഗ്യപരമായ ജീവിതശൈലിയും സംബന്ധിച്ചുള്ള ബോധവത്കരണം ആദ്യ ഘട്ടത്തിൽ നടപ്പാക്കും. തുടർന്ന് പ്രായമായവർക്കും വനിതകൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം പരിപാടികൾ നടത്തും. വിദ്യാർത്ഥികൾക്കുള്ള ബോധവത്കരണ പരിപാടികൾ, രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വേണ്ടിയുള്ള പ്രത്യേക സെഷനുകൾ, വെൽനസ് ക്ലബുകളുടെ രൂപീകരണം എന്നിവ ക്യാമ്പസ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുമെന്ന് അധികൃതർ അറിയിച്ചു.