
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ എന്തു കൊണ്ടാണ് എല്ലാ പ്രതികളെയും ഇ.ഡി അറസ്റ്റ് ചെയ്യാത്തതെന്ന് പ്രത്യേക കോടതി ചോദിച്ചു. ചില പ്രതികൾ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ മറ്റു ചിലർ സമൻസ് കിട്ടുന്ന മുറയ്ക്ക് ഹാജരായി ജാമ്യമെടുത്തു പോകുന്നു. എന്തുകൊണ്ടാണ് ഇതെന്നായിരുന്നു കോടതിയുടെ ചോദ്യം.
അന്വേഷണവുമായി സഹകരിക്കാത്ത പ്രതികളെയാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ഇ.ഡിയുടെ അഭിഭാഷകൻ മറുപടി നൽകി. ഇതു സംബന്ധിച്ച സുപ്രീം കോടതിയുടെ നിർദ്ദേശവും ഹാജരാക്കി. കരുവന്നൂർ കേസിലെ മുഖ്യപ്രതികളിലൊരാളായ സി.പി.എം പ്രാദേശിക നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാതെ തട്ടിപ്പിനു കൂട്ടു നിന്നെന്നാരോപിച്ച് തന്നെ അറസ്റ്റ് ചെയ്തെന്ന് അരവിന്ദാക്ഷൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതാണ് അറസ്റ്റിനു കാരണമെന്നും വിശദീകരിച്ചു. ഈ വാദങ്ങൾ ഇ.ഡി നിഷേധിച്ചു. അരവിന്ദാക്ഷൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി വ്യക്തമാക്കി. തുടർന്ന് എറണാകുളത്തെ പ്രത്യേക കോടതി ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി.
കേസിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ നാലാം തവണ ഇ.ഡി ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 11.15 നെത്തിയ അദ്ദേഹം വൈകിട്ട് ആറോടെ മടങ്ങി.
അന്വേഷണത്തോട് വർഗീസ് സഹകരിക്കുന്നില്ലെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു.