കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ശ്രീപാർവതിദേവിയുടെ നടതുറപ്പുത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ദേവിയുടെ തിരുവാഭരണ ഘോഷയാത്ര 26ന് വൈകിട്ട് 4.30ന് അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അലങ്കരിച്ച തേരിൽ തിരുവാഭരണങ്ങൾ രാത്രി 8ന് ക്ഷേത്രത്തിലെത്തും. പുലർച്ചെ 4 മുതൽ രാത്രി 9 വരെയാണ് ദേവീ ദർശനം.
ഭക്തർക്ക് ദർശനം നടത്തുന്നതിനായി 50000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തൽ ഒരുക്കിയിട്ടുണ്ട്. വഴിപാടുകൾ നടത്താൻ ക്യൂവിൽതന്നെ കൗണ്ടറുകൾ ഒരുക്കും. www.thiruvairanikkulamtemple.org എന്ന വെബ്‌സൈറ്റിൽ വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങി. പ്രധാന വഴിപാടുകളായ മഞ്ഞൾ, എള്ള് മുതലായ പറകൾ നിറയ്ക്കുന്നതിനും അരവണ പായസം, അപ്പം, അവൽ നിവേദ്യങ്ങൾ ലഭിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. നിവേദ്യങ്ങൾ അടങ്ങിയ പ്രസാദക്കിറ്റും ലഭിക്കും.
ഉത്സവ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ അന്നദാനമുണ്ട്. കെ.എസ്.ആർ.ടി.സി ആലുവ, പെരുമ്പാവൂർ, അങ്കമാലി ഡിപ്പോകളിൽ നിന്ന് പ്രത്യേക ബസ് സർവീസ് നടത്തും. ആരോഗ്യ വിഭാഗം മാറമ്പിള്ളി, ശ്രീമൂലനഗരം ആരോഗ്യ കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അഞ്ച് പാർക്കിംഗ് ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. ഭക്തർക്ക് പ്രസാദക്കിറ്റ് വീട്ടിൽ എത്തിക്കാൻ തപാൽ വകുപ്പുമായി ചേർന്ന് പദ്ധതി തയ്യാറാക്കി.
അൻവർ സാദത്ത് എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂൺ കുമാർ, വൈസ് പ്രസിഡന്റ് പി.യു.രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അശോകൻ കൊട്ടാരപ്പിള്ളി, മാനേജർ എം.കെ. കലാധരൻ, ട്രസ്റ്റ് അംഗങ്ങളായ പി.കെ. നന്ദകുമാർ, എ.എൻ. മോഹനൻ, പി.ആർ. ഷാജികുമാർ, കെ.ജി. ശ്രീകുമാർ, പി.കെ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.