sreeram

കൊച്ചി: വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടിയ കൊച്ചുമിടുക്കന് കമ്പ്യൂട്ടർ നല്കാമെന്ന വാക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പാലിച്ചു. ശ്രീറാമിന് എറണാകളം സി ഡാക്കിൽ കമ്പ്യൂട്ടർ സമ്മാനിച്ചു.
കമ്പ്യൂട്ടർ പരിജ്ഞാനവും വീഡിയോ എഡിറ്റിംഗ് അഭിരുചിയുമുള്ള സ്‌കൂൾ വിദ്യാർത്ഥി ശ്രീറാമിനെയും അദ്ധ്യാപികയായ അമ്മയെയും ഈ മാസം രണ്ടിന് തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് മന്ത്രി കണ്ടുമുട്ടിയത്. സംസാരത്തിൽ ആളത്ര 'ചെറുതല്ലെന്ന്" ബോദ്ധ്യമായ മന്ത്രി ലാപ്‌ടോപ് വാഗ്ദാനം ചെയ്യുകയായിരുന്നു. ഗുഡ്ഗാവിലെ കമ്പ്യൂട്ടർ കമ്പനികൾ കാണുകയാണ് തന്റെ സ്വപ്നമെന്ന് ശ്രീറാം സൂചിപ്പിച്ചപ്പോൾ, ഒറ്റയ്ക്കാക്കേണ്ട കൂട്ടുകാരെയും കൂട്ടി ഒരു പഠനയാത്ര നടത്തിക്കോളൂ എന്നായി മന്ത്രി. യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ചങ്ങാതിക്കൂട്ടം.
2014 ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം നാളിലാണ് ശ്രീറാമിന്റെ ജനനം.