നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നാല് യാത്രക്കാരിൽ നിന്നായി 1.92 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ദോഹയിൽ നിന്നുമെത്തിയ എറണാകുളം സ്വദേശി സാലു, ബാങ്കോക്കിൽ നിന്നുമെത്തിയ കോഴിക്കോട് സ്വദേശികളായ നവാസ്, അബ്ദുൾ നവാസ്, എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന കോതമംഗലം സ്വദേശി സാമുവൽ എന്നിവരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.
എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ച് 1.515 കിലോ സ്വർണമാണ് സാലു കടത്തികൊണ്ടുവന്നത്. 13 സ്വർണബിസ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. ചെക്ക്ഇൻ ബാഗേജിലാണ് എമർജൻസി ലൈറ്റ് ഉണ്ടായിരുന്നത്. നവാസും അബ്ദുൾ നവാസും ധരിച്ചിരുന്ന ജീൻസിനുള്ളിൽ പ്രത്യേകം അറ തീർത്ത് അതിനുള്ളിലാണ് സ്വർണമിശ്രിതം ഒളിപ്പിച്ച് കടത്തികൊണ്ടുവന്നത്. രണ്ടുപേരുടെയും പക്കലായി മൊത്തം 1.209 കിലോ സ്വർണമാണ് ഉണ്ടായിരുന്നത്.
സാമുവൽ ക്യാപ്‌സ്യൂൾ രൂപത്തിലാക്കിയും രുദ്രാക്ഷമാലയിൽ ചേർത്തുവച്ചുമാണ് 957ഗ്രാം സ്വർണം കടത്തിക്കൊണ്ടുവന്നത്.