ആലുവ: അദ്വൈതാശ്രമത്തിൽ നിന്ന് ഇന്നലെ രാവിലെ ആരംഭിച്ച 91-ാമത് ശിവഗിരി തീർത്ഥാടന - സർവമത സമ്മേളന ശതാബ്ദി പദയാത്രയ്ക്ക് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ശ്രീനാരായണീയ സംഘടനകൾ ഭക്തിസാന്ദ്രമായ സ്വീകരണം നൽകി.
അദ്വൈതാശ്രമത്തിൽ സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെയും മേൽശാന്തി പി.കെ. ജയന്തന്റെയും മുഖ്യകാർമ്മികത്വത്തിൽ പദയാത്രാരഥത്തിലെ ഗുരുപ്രതിമയിൽ പ്രത്യേക പൂജകൾ നടത്തി. തുടർന്ന് സ്വാമി ധർമ്മചൈതന്യ ഔദ്യോഗിക അനുമതി നൽകി. ജാഥാ ക്യാപ്റ്റൻ എം.ഡി. സലീം, ചെയർമാൻ കെ.കെ. ജോഷി, ജനറൽ കൺവീനർ എൻ.കെ. ബൈജു എന്നിവർ സംസാരിച്ചു.
എസ്.എൻ.ഡി.പി യോഗം യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ജി.ഡി.പി.എസ് രജിസ്ട്രാർ അഡ്വ. പി.എം. മധു, ചന്ദ്രൻ പുളിങ്കുന്ന്, പി.പി. രാജൻ, എം.എൻ. മോഹനൻ, എം.ബി. രാജൻ, കെ.എൻ. ദിവാകരൻ എന്നിവർ സംബന്ധിച്ചു.
തുടർന്ന് പുളിഞ്ചോട്, ഗാരേജ്, അമ്പാട്ടുകാവ്, എച്ച്.എം.ടി, കൂനംതൈ, ഇടപ്പള്ളി, പാലാരിവട്ടം, വെണ്ണല, ഇല്ലിക്കൽപടി, എരൂർ നരസിംഹ ആശ്രമം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം എരൂർ ശ്രീധർമ്മ കൽപദ്രുമയോഗത്തിൽ (പേട്ട ക്ഷേത്രം) പദയാത്ര സമാപിച്ചു. ഇന്ന് രാവിലെ 7.30ന് പുനരാരംഭിക്കുന്ന പദയാത്ര തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷൻ, പേട്ട, പൂണിത്തുറ തെക്ക് ഗുരുമണ്ഡപം, മരട് ഗുരുദേവ മണ്ഡപം, കുണ്ടന്നൂർ, നെട്ടൂർ ഐ.എൻ.ടി.യു.സി കവല, മാടവന, ജ്ഞാനപ്രഭാകര യോഗം, കുമ്പളം ഗുരുദേവ മണ്ഡപം, അരൂർ നാഷണൽ ഹൈവെ, അരൂക്കുറ്റിപാലം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 6.30ന് ആലപ്പുഴ ജില്ലയിലെ മാത്താനം ഭഗവതി ക്ഷേത്രത്തിൽ സമാപിക്കും. 30ന് പദയാത്ര ശിവഗിരിയിൽ എത്തും.