പെരുമ്പാവൂർ: മാമലക്കണ്ടത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിൽ നിന്നും കൂട്ടം തെറ്റിയ അമ്മയും കുഞ്ഞും സ്വകാര്യ വ്യക്തിയുടെ കിണറിൽ വീണു.
നേര്യമംഗലം റേഞ്ചിൽ വരുന്ന ഇളബ്ലാേശേരി ആദിവാസി ഊരിലെ മാമലക്കണ്ടം - മാങ്കുളം റോഡരികിൽ പേപ്പാറയിൽ പൊന്നമ്മ മത്തായിയുടെ കിണറിലാണ് ഇന്നലെ പുലർച്ചെ 5 മണിയോടെ ആനയും കുഞ്ഞും വീണത്.
രാവിലെ കിണറിൽ ആനയെക്കണ്ട വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനപാലകർ നാട്ടുകാരുടെ സഹായത്തോടെ ജെ.സി . ബി ഉപയോഗിച്ച് കിണർ ഇടിച്ച് ആനയെ കരയ്ക്ക് കയറ്റി. കരയ്ക്ക് കയറിയ അമ്മ ആന വനപാലകർക്ക് നേരെ പാഞ്ഞടുത്തു. ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർത്തതിനെ തുടർന്ന് വെടിശബ്ദം കേട്ട് തിരികെ വനത്തിലേക്ക് അമ്മയും കുഞ്ഞും ഓടിക്കയറി.
ആനശല്യം ഉള്ളതുകൊണ്ട് പൊന്നമ്മ മത്തായിയും കുടുംബവും വീട്ടിൽ നിന്ന് മാറിയാണ് താമസിക്കുന്നത്.
മേഖലയിൽ ആനശല്യം രൂക്ഷമായതിനാൽ പലവീടുകളിലും ആൾതാമസം ഇല്ല. മൃഗങ്ങളുടെ ശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.