court

കേസിനു കാരണം ബി.ടി.എസ് വിലക്കെന്ന് പിതാവ്

കൊച്ചി: പതിനാലുകാരിയായ മകളെ പീഡിപ്പിച്ചെന്ന കേസിൽ കാസർകോട് സ്വദേശിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊറിയൻ പോപ്പ് ബാൻഡായ ബി.ടി.എസിന്റെ പരിപാടികൾ കാണുന്നതു വിലക്കിയതിലുള്ള വൈരാഗ്യത്താൽ മകൾ തന്നെ പോക്സോ കേസിൽ കുടുക്കിയെന്നായിരുന്നു പിതാവിന്റെ വാദം. ഇസ്ളാം മതവിശ്വാസത്തിന് എതിരായതിനാൽ താനും ഭാര്യയും മകളെ ഈ ഗായകസംഘത്തിന്റെ വീഡിയോ കാണുന്നതിൽ നിന്ന് വിലക്കിയിരുന്നു. മകൾ അടുത്ത ബന്ധുവായ ഒരു സ്ത്രീയുടെ സ്വാധീനത്താലാണ് ഈ പാട്ടുകൾ കാണാൻ തുടങ്ങിയതെന്നും പിതാവ് ആരോപിച്ചു. ഇവർക്കൊപ്പമാണ് മകളെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

പിതാവിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവില്ലെന്നും അന്വേഷണം പൂർത്തിയായെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഹർജിയെ എതിർത്തു. 2020 ജൂൺ മുതൽ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നെന്നും പേടി കാരണം ആരോടും പരാതി പറഞ്ഞില്ലെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി. സഹോദരനെ വിദേശത്തേക്ക് അയയ്ക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴും പിതാവ് മോശമായി പെരുമാറിയെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. വയനാട്ടിലേക്ക് ടൂർ പോകാൻ അനുമതി നൽകാതിരുന്നതിനാൽ പെൺകുട്ടി ഇക്കാര്യം ആന്റിയോടു പറഞ്ഞതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

പ്രതിയുടെ വാദങ്ങൾ പരിഗണിച്ചാൽ പെൺകുട്ടിയുടെ ആരോപണങ്ങൾ തെറ്റാവാൻ ഇടയുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.