
അടൂർ: വീട് വിട്ടിറങ്ങിയ ചലച്ചിത്ര നടി ബീന സാബുവിന് (ബീന കുമ്പളങ്ങി) അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയമൊരുക്കും. കൊടുമൺ കുളത്തിനാലിൽ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലാണ് ഇവരെ എത്തിക്കുക. മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയും ജീവകാരുണ്യ പ്രവർത്തകയും നടിയുമായ സീമ ജി. നായർ, ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ ആന്റണി, ലീഗൽ അഡ്വൈസർ അഡ്വ. മുജീബ് റഹ്മാൻ എന്നിവർ ഇന്ന് കൊച്ചിയിലെത്തി ബീനയുടെ സംരക്ഷണം ഏറ്റെടുക്കും. രാവിലെ 10.30 ന് പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ എത്തി തന്റെ വീട് കൈവശപ്പെടുത്താൻ ശ്രമിക്കുന്നവർക്കും ജീവിതത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചവർക്കുമെതിരെ ബീന പരാതി നൽകും. കുമ്പളങ്ങി തൈകൂട്ടത്തിൽ ജോസഫ്, റീത്ത ദമ്പതികളുടെ മകളായ ബിന 'കള്ളൻ പവിത്രനിൽ" നായികയായിരുന്നു. അറുപതോളം സിനിമകളിലും സീരിയലുകളിലും വേഷമിട്ടു.