
തൃപ്പൂണിത്തുറ: മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷമായി തകർന്നു കിടക്കുന്ന തിരക്കേറിയ പേട്ട ജംഗ്ഷന്റെ നവീകരണ പ്രവർത്തനങ്ങൾ ഇനി നാഷണൽ ഹൈവേയ്സ് അതോറി ഒഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) നടത്തുമെന്ന് പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് കൊച്ചി പ്രൊജക്ട് ഡയറക്ടർ പി. പ്രദീപ്, മുക്കോട്ടിൽ ടെമ്പിൾറോഡ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റോയ് തെക്കന്‍ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ അറിയിച്ചു.
പേട്ട ജംഗ്ഷന്റെ നവീകരണത്തിനുള്ള പ്രോജക്ട് തയ്യാറാക്കൽ ജോലികൾ പുരോഗമിക്കുന്നു. കോൺട്രാക്ട് പ്രൊവിഷൻ പ്രകാരമാണ് പ്രവർത്തനങ്ങൾ നടത്തുക. പേട്ട മേജർ 'ടി' ജംഗ്ഷനായി നവീകരിക്കുമെന്നും ബസ് ഷെൽട്ടർ, റോഡ് ഫർണിച്ചർ, ട്രാഫിക് ബോർഡുകൾ, സോളാർ ബ്ലിങ്കർ ലൈറ്റുകൾ മുതലായവ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പേട്ട ജംഗ്ഷൻ ഉൾപ്പെടെയുള്ള എൻ.എച്ച് 85 റോഡ് എൻ.എച്ച്.എ.ഐയുടെ കീഴിലായതിനാൽ പേട്ടയിൽ ബിറ്റുമിൻ പണികൾ മാത്രമേ നടത്തുകയുള്ളുവെന്ന് കെ.എം.ആർ.എൽ എം.ഡി അറിയിച്ചിട്ടുണ്ടെന്നും റോയ് തെക്കൻ പറഞ്ഞു.