
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഉമ അരിക്കായി ഞാറുനടൽ മുതൽ കൊയ്‌ത്ത് വിളവെടുപ്പ് വരെ ബഹിരാകാശ സാങ്കേതികവിദ്യയുടെ നിരീക്ഷണത്തിലേയ്ക്ക്. ഉമ നെല്ലിനത്തിന്റെ സ്‌പെക്ടറൽ ലൈബ്രറി ബഹിരാകാശ സാങ്കേതികവിദ്യയായ റിമോട്ട് സെൻസിംഗ് ഉപയോഗിച്ച് ശാസ്ത്രജ്ഞർ വിജയകരമായി വികസിപ്പിച്ചു.
കേരളത്തിൽ എവിടെ ഉമ നെൽക്കൃഷിയുണ്ടെങ്കിലും ബഹിരാകാശ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സ്‌പെക്ടറൽ ലൈബ്രറിയിലൂടെ അറിയാനാകും. ഉമ കർഷകരുടെ ചെലവ് കുറയ്ക്കാൻ സങ്കേതം കൊണ്ട് കഴിയുമെന്ന് ഡോ. ഗിരിഷ് ഗോപിനാഥ് പറഞ്ഞു.
തീൻമേശയിലെ പ്രിയങ്കരി
കേരളത്തിൽ തദ്ദേശീയമായി കൃഷി ചെയ്യുന്ന നെല്ലിനമാണ് ഉണ്ട മട്ട എന്നും അറിയപ്പെടുന്ന ഉമ. 1998ൽ കേരള കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് നെൽ ഗവേഷണ കേന്ദ്രമാണ് ഉമ വികസിപ്പിച്ച് പുറത്തിറക്കിയത്. മികച്ച ഉത്പാദനക്ഷമതയും രോഗപ്രതിരോധ ശേഷിയുമുള്ള ഉമ വേഗത്തിൽ കുട്ടനാട്ടിലെ കർഷകരുടെ മനം കവർന്നു. നല്ല മണവും രുചിമുള്ള ചോറ് നൽകുന്ന ഉമ കുട്ടനാടൻ ഉണ്ട മട്ട എന്നും അറിയപ്പെടുന്നു. കേരളം മുഴുവൻ ഏറ്റവുമധികം കൃഷി ചെയ്യുന്ന നെല്ലിനനമാണ് ഉമ.
സംയുക്ത ഗവേഷണം
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെയും (കുഫോസ്) കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെയും (സി.ഡബ്ലിയു.ആർ.ഡി.എം) ശാസ്ത്രജ്ഞരാണ് സംയുക്തമായി ഗവേഷണം വിജയകരമായി പൂർത്തിയാക്കിയത്. കുഫോസിൽ ഡോ. ഗിരീഷ് ഗോപിനാഥും സി.ഡബ്ലിയു.ആർ.ഡി.എമ്മിൽ ഡോ. യു. സുരേന്ദ്രനും ഗവേഷണത്തിന് നേതൃത്വം നൽകി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ് ഗവേഷണത്തിന് 83.5 ലക്ഷം രൂപ നൽകിയത്.
''മികച്ച രീതിയിൽ വിളപരിപാലനം നടത്താൻ കർഷകരെ പ്രാപ്തരാക്കും എന്നതാണ് സ്‌പെക്ടറൽ ലൈബ്രറിയുടെ ഗുണം.""
ഡോ.ടി. പ്രദീപ് കുമാർ
വൈസ് ചാൻസലർ
കുഫോസ്
ഇവയ്ക്ക് ഗുണകരം
നെൽച്ചെടിയുടെ വളർച്ചക്കുറവ്, രോഗബാധ
വയലിലെ ജലലഭ്യത
നെല്ലിന്റെ മൂപ്പ്
പാകമെത്തുമ്പോൾ ലഭിക്കുന്ന വിളവിന്റെ അളവ് എന്നിവ മുൻകൂട്ടി കണ്ടെത്താൻ
വേണ്ട ഇടപെടലുകൾ നടത്താനും പ്രതിവിധികൾ ചെയ്യാനും കഴിയും.