സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ തെരുവുയുദ്ധമായി പരിണമിച്ചു. മുമ്പും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്-പ്രത്യേകിച്ച് ഇടതുപക്ഷ മന്ത്രിസഭകൾ അധികാരത്തിലുള്ളപ്പോൾ. ഇ.എം.എസ് നമ്പൂതിരിപ്പാടിന് ബി. രാമകൃഷ്ണറാവുമായി പലകാര്യത്തിലും വിയോജിപ്പുണ്ടായിരുന്നു. അത് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഡിസ്മിസലിൽ അവസാനിച്ചു. അദ്ദേഹത്തിന് ഗവർണർ വിശ്വനാഥനുമായും അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അത് സപ്തകക്ഷി മന്ത്രിസഭയുടെ പതനത്തിൽ കലാശിച്ചു.
ഇ.കെ.നായനാർക്ക് ഗവർണർമാരായ ജ്യോതി വെങ്കിടാചലത്തോടും രാംദുലാരി സിൻഹയോടും കടുത്ത വിയോജിപ്പുണ്ടായിരുന്നു. അവ നിയമസഭാ ചർച്ചകളിൽ അവസാനിച്ചു. വി.എസ്. അച്യുതാനന്ദന് ഗവർണർ ആർ.എസ്. ഗവായിയോട് പ്രത്യേകിച്ച് വിയോജിപ്പൊന്നും ഉണ്ടായിരുന്നില്ല; അദ്ദേഹത്തിന്റെ പാർട്ടിയിലെ പ്രബലമായ ഒരു വിഭാഗം ഗവർണറെ മുച്ചൂടും വിമർശിക്കുകയും രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു. പക്ഷേ അതൊന്നും ഇപ്പോഴത്തെ നിലവാരത്തിലേക്ക് താണിരുന്നില്ല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജസ്റ്റിസ് സദാശിവമായിരുന്നു കേരള ഗവർണർ. കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളുടെ പ്രവേശനത്തിന് നിയമസാധുത നല്കുന്ന കാര്യത്തിലൊഴിച്ച് മറ്റൊന്നിലും സർക്കാരും ഗവർണറും തമ്മിൽ വിയോജിപ്പുണ്ടായില്ല. ശാന്തവും സമാധാനപരവുമായിരുന്നു അക്കാലം. ആരിഫ് മുഹമ്മദ്ഖാൻ ഗവർണറായി വന്ന ആദ്യകാലത്ത് പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കണ്ണൂർ സർവകലാശാലയിൽ ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർനിയമിക്കുന്ന ഘട്ടത്തിലാണ് അഭിപ്രായവ്യത്യാസം തലപൊക്കിയത്. നിയമന ഉത്തരവിൽ ഒപ്പിട്ടശേഷം ഗവർണർ, താൻ വഞ്ചിക്കപ്പെട്ടു എന്ന് പരസ്യ പ്രതികരണം നടത്തി.
സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയപ്പോൾ ഗവർണർ പുതിയൊരു പോർമുഖം തുറന്നു. അതേ മാതൃകയിൽ നിയമിക്കപ്പെട്ട മറ്റെല്ലാ വി.സിമാരോടും സ്വയം പിരിഞ്ഞുപോകാൻ നിർദ്ദേശം നല്കി. അവർ കോടതിയിൽ പോയി അനുകൂല ഉത്തരവുകൾ സമ്പാദിച്ചു. സാങ്കേതിക സർവകലാശാലയുടെ താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ ഗവർണർ തന്നിഷ്ടപ്രകാരം നിയമിച്ചു. സർക്കാർ അവർക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടു. സംസ്ഥാന ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാൻ നിയമസഭയിൽ ബില്ല് പാസാക്കിയെങ്കിലും അതിന് അനുമതി നല്കാൻ കൂട്ടാക്കിയില്ല. ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ട് വീണ്ടും ചരിത്രം സൃഷ്ടിച്ചു.
ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുള്ള നീക്കത്തിലും ഗവർണർ ഇതേമാതൃകയിൽ വിലങ്ങുതടി സൃഷ്ടിച്ചു. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഔപചാരികബന്ധം പോലും താറുമാറായി. മുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക് ഗവർണറെ ക്ഷണിച്ചില്ല; സർക്കാരിന്റെ ഓണാഘോഷ പരിപാടിയിലേക്ക് മന്ത്രിമാരാരും നേരിട്ടുചെന്ന് ക്ഷണിച്ചതുമില്ല. 'പിണറായി വിജയൻ ആരാണെന്ന് ആരിഖ്ഖാന് അറിയില്ല' എന്ന് മുഖ്യമന്ത്രി വീരവാദം മുഴക്കി. ഗവർണർ അതേ നാണയത്തിൽ തിരിച്ചടിച്ചു. അങ്ങനെ ഇരുവരും തട്ടിയുംമുട്ടിയും മുന്നോട്ടുപോവുമ്പോഴാണ് ഗോപിനാഥ് രവീന്ദ്രന്റെ നിയമനം അസ്ഥിരപ്പെടുത്തിക്കൊണ്ട് സുപ്രീംകോടതിയുടെ വിധിവന്നത്. അതോടെ ഗവർണറുടെ ആവേശം വർദ്ധിച്ചു. അദ്ദേഹം പകരക്കാരനെ സ്വയം നിയമിച്ചു. വിവിധ സർവകലാശാലകളിലെ സെനറ്റ് അംഗങ്ങളെയും സർക്കാരിന്റെ ശുപാർശ കൂടാതെ നാമനിർദ്ദേശം ചെയ്തു.
സർക്കാർ നേരിട്ട് ഒരു ഏറ്റുമുട്ടലിന് തുനിഞ്ഞില്ല. പകരം എസ്.എഫ്.ഐക്കാരെ രംഗത്തിറക്കി. അവർ രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള മാർഗമദ്ധ്യേ ഗവർണറെ കരിങ്കൊടികാട്ടി. ഗവർണർ ഏതുവഴിക്കാണ് പോകുന്നതെന്ന കാര്യം പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സഖാക്കൾക്ക് ചോർന്നുകിട്ടി. അതുകൊണ്ട് മൂന്നിടത്ത് കരിങ്കൊടിപ്രകടനം ഭംഗിയായി നടന്നു. സഹികെട്ട ഗവർണർ കാറിൽ നിന്ന് ചാടിയിറങ്ങി ബ്ലഡി ഫൂൾസ്, റാസ്‌ക്കൽസ് എന്നൊക്കെ പ്രതിഷേധക്കാർക്കു നേരെ ആക്രോശിച്ചു. തിരക്കഥയിലില്ലാത്ത ഈ ഡയലോഗ് കേട്ട് കുട്ടിസഖാക്കൾ ഓടിരക്ഷപ്പെട്ടു.
ഡൽഹിയിലെത്തിയ ഗവർണർ പൊട്ടിത്തെറിച്ചു. പ്രതിഷേധം ഭയന്ന് താൻ പിന്മാറുകയില്ല എന്നു പ്രഖ്യാപിച്ചു. ഒരു ക്യാമ്പസിലും ചാൻസലറെ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വെല്ലുവിളിച്ചപ്പോൾ, വരുന്ന മൂന്നുദിവസം താൻ കാലിക്കറ്റ് സർവകലാശാലാ ആസ്ഥാനത്ത് താമസിക്കുമെന്നും പ്രതിഷേധിക്കേണ്ടവർക്ക് അവിടെ പ്രതിഷേധിക്കാമെന്നും ഗവർണർ തിരിച്ചടിച്ചു. ഗവർണറുടെമേൽ ഒരു നുള്ള് മണ്ണെങ്കിലും വീണാൽ സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നു എന്ന് കേന്ദ്രത്തിലേക്ക് റിപ്പോർട്ട് പോകുമെന്നും മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുമെന്നും ഉറപ്പായിരുന്നു. അതുകൊണ്ട് സഖാക്കൾ സംയമനം പാലിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ കറുത്ത ബാനറുകൾ ഉയരുകയും വിദ്യാർത്ഥി സഖാക്കൾ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. പക്ഷേ ഗവർണറെ തടയാനോ ഏറ്റുമുട്ടാനോ അവർ കൂട്ടാക്കിയില്ല. ഗവർണർ ഒരടികൂടി മുന്നോട്ടുപോയി. ജനത്തിരക്കേറിയ കോഴിക്കോട് നഗരത്തിൽ കാൽനടയാത്ര നടത്തി. വഴിപോക്കരോട് കുശലം പറഞ്ഞും കുട്ടികളെ ചേർത്തുനിറുത്തിയും ഫോട്ടോയ്ക്ക് പോസ് ചെയ്തു. മിഠായിത്തെരുവിലെ ശങ്കരൻ ബേക്കറിയിൽ നിന്ന് ഹൽവ വാങ്ങിക്കഴിച്ചു. കടയുടമയ്‌ക്കൊപ്പം സെൽഫിയെടുത്തു. കേരള പൊലീസല്ല, ഈ നാട്ടിലെ ജനങ്ങളാണ് തന്റെ സുരക്ഷാഭടന്മാരെന്ന് പ്രഖ്യാപിച്ചു. അതുവഴി വലിയ പൊലീസ് വ്യൂഹത്തിന്റെ അകമ്പടിയോടെ നവകേരള യാത്ര നടത്തുന്ന മുഖ്യമന്ത്രിയെ ഫലത്തിൽ താഴ്ത്തിക്കെട്ടി.
മുഖ്യമന്ത്രിയും സഹമന്ത്രിമാരും പരുഷമായ ഭാഷയിൽ ഗവർണറെ അപലപിച്ചു. മിഠായിത്തെരുവിലെ റോഡ് ഷോ പ്രോട്ടോകോൾ ലംഘനമാണെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും എസ്.എഫ്.ഐക്കാർ ഗവർണറെ അവഹേളിക്കുന്ന തരത്തിൽ ബാനറുകൾ ഉയർത്തി. യുവർ ദാൽ വിൽ നോട്ട് കുക്ക് ഹിയർ (തന്റെ പരിപ്പ് ഇവിടെ വേവില്ല) എന്നതു പോലുള്ള തമാശകളും കാണാനിടയായി. ഗവർണറും ഒട്ടും മോശമാക്കിയില്ല. വിദ്യാർത്ഥികളെ ഇളക്കിവിട്ട് തനിക്കെതിരെ കലാപത്തിനു തുനിയുന്നത് സംസ്ഥാന മുഖ്യമന്ത്രിയാണെന്ന് തുറന്നടിച്ചു. കണ്ണൂരെ കഠാരി രാഷ്ട്രീയത്തിന്റെ തുടർച്ചയാണിതെന്നും കേരള മുഖ്യമന്ത്രി നിരവധി കൊലപാതകങ്ങൾക്ക് സൂത്രധാരനാണെന്നും കുറ്റപ്പെടുത്തി.
ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ രാഷ്ട്രപതിക്ക് കത്തയച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസം. ആരെ, എവിടെ ഗവർണറായി നിയമിക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രമന്ത്രിസഭയാണ്. മന്ത്രിസഭയുടെ ശുപാർശ പ്രകാരം മാത്രമേ രാഷ്ട്രപതിക്ക് ഗവർണറെ നിയമിക്കാനോ സ്ഥലംമാറ്റാനോ പിരിച്ചുവിടാനോ സാധിക്കുകയുള്ളൂ. അത് അറിയാത്തതുകൊണ്ടാണോ രാഷ്ട്രപതിക്ക് ഇങ്ങനെ ഒരു കത്തയച്ചതെന്ന് അറിയില്ല. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും താത്പര്യമുള്ളിടത്തോളം കാലം ആരിഖ് മുഹമ്മദ് ഖാൻ കേരള ഗവർണറായി തുടരും. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോരാട്ടവും ഏതാണ്ട് ഇതുപോലെ തന്നെ തുടരും. നാടിന്റെ നിർഭാഗ്യം എന്നല്ലാതെ എന്തുപറയാൻ?