
കോലഞ്ചേരി: വെന്തുരുകുന്ന നാടിന് അതിർത്തി കടന്നെത്തുന്ന നൊങ്ക് ആശ്വാസം പകരുന്നു. നഗര,ഗ്രാമീണ മേഖലകളിൽ ചൂട് കൂടിയതോടെ പന നൊങ്കിന്റെ വില്പനയും കൂടി. പാലക്കാടൻ താരമായിരുന്ന നൊങ്കിപ്പോൾ നാടൊട്ടുക്ക് പ്രിയ വിഭവമാണ്. മായങ്ങളൊന്നും ചേരാത്തതിനാൽ നൊങ്കിന് ആവശ്യക്കാരും കൂടുതലാണ്. തമിഴ്‌നാട്ടിൽ നിന്നാണെത്തുന്നത്. കളിയാക്കവിള, കന്യാകുമാരി ഭാഗങ്ങളിൽ നിന്നും നൊങ്കെത്തുന്നുണ്ട്. 100 രൂപയ്ക്ക് മൂന്നെണ്ണം ലഭിക്കും. വഴിയോരങ്ങളിൽ കരിക്കിനും തണ്ണിമത്തനുമൊപ്പം നൊങ്കു കൂടി വിൽക്കുന്ന സ്റ്റാളുകളാണ് അധികവും. ചിലയിടങ്ങളിൽ നൊങ്ക് മാത്രമായി ലഭിക്കുമ്പോൾ നൊങ്കും പഴവർഗങ്ങളും ചേർത്ത് ജ്യൂസായി നൽകുന്ന സ്ഥലങ്ങളുമുണ്ട്.
മറുനാടൻ നൊങ്ക്
തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ നൊങ്കുകൾ എത്തിച്ചുകൊടുക്കുന്നതിന് ഇടനിലക്കാരുണ്ട്. ഇവരുടെ തന്നെ ആളുകളാണ് വില്പനക്കാർ. ആവശ്യക്കാർക്ക് ഇറക്കി കൊടുത്ത് വൈകിട്ട് പണം വാങ്ങുന്നവരുമുണ്ട്. കരിമ്പനകളിൽ നിന്നുമാണ് നൊങ്ക് ശേഖരിക്കുന്നത്.
ജ്യൂസിലും കേമൻ
മറ്റ് പാനീയങ്ങളെക്കാൾ നല്ലതും ആരോഗ്യകരവും ഈ പ്രകൃതിദത്ത വിഭവങ്ങളായതിനാൽ ആവശ്യക്കാരും കൂടുതലാണ്. പന നൊങ്കിന്റെ പൾപ്പ് നേരിട്ടോ അല്ലെങ്കിൽ അൽപം പഞ്ചസാരയും വെള്ളവും ചേർത്ത് മിക്‌സിയിലിട്ട് അടിച്ച് ജ്യൂസ് ആക്കിയും ഉപയോഗിക്കും. നൊങ്ക് ജ്യൂസിന് ഗ്ലാസൊന്നിന് അറുപത് രൂപ വരെ വിലയുണ്ട്.
ഇനി ക്ഷാമം നേരിടും
പനകയറാൻ പുതിയ തലമുറയിൽപ്പെട്ടവർ കുറവായതിനാലും കൂലി വർദ്ധനവും തമിഴ്‌നാട്ടിൽ പനകൾ മുറിച്ച് മറ്റ് കൃഷികളിലേക്കു തിരിയുകയും ചെയ്തതോടെ ഏക്കറുകണക്കിന് പനകൾ വെട്ടിമാറ്റി. ഇതോടെ നൊങ്കിനും ക്ഷാമമായിത്തുടങ്ങി.