ആലുവ: അധികൃതർ കൈയൊഴിഞ്ഞിട്ടും കീഴ്മാട് പഞ്ചായത്തിലെ കുട്ടമശേരി തുമ്പിച്ചാൽ തടാകത്തിൽ പുതുവത്സരാഘോഷത്തിന്റെ 'നക്ഷത്രത്തിളക്കം'. തുമ്പിച്ചാൽകൂട്ടമാണ് രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ച് 10 ദിവസം നീണ്ടുനിൽക്കുന്ന 'തുമ്പിച്ചാൽ ഫെസ്റ്റ്' സംഘടിപ്പിക്കുന്നത്. ദിവസേന കലാപരിപാടികളും 31ന് രാത്രി മെഗാ ഗാനമേള, വെടിക്കെട്ട് എന്നിവയുമുണ്ട്.
കഴിഞ്ഞ വർഷം നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ തുമ്പിച്ചാൽ മേള വൻവിജയമായിരുന്നു. തടാകത്തിന് ചുറ്റും നൂറുകണക്കിന് നക്ഷത്രങ്ങൾ തെളിച്ചതോടെ സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർ വരെ സന്ദർശകരായെത്തി. പരിപാടി ഗംഭീര വിജയമായതിന് പിന്നാലെയാണ് തുമ്പിച്ചാലിലെ പുതുവത്സരാഘോഷം കീഴ്മാട് പഞ്ചായത്ത് ഏറ്റെടുക്കുമെന്നും ഫണ്ട് നീക്കിവെയ്ക്കുമെന്നും പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനമെല്ലാം വെറുതെയായി.
മുൻവർഷത്തെ പോലെ ഇക്കുറിയും സമീപത്തെ രണ്ട് പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെയാണ് നാട്ടുകാർ പണം കണ്ടെത്തിത്. തടാകത്തിന് ചുറ്റും ഇതിനകം 500ലേറെ നക്ഷത്രങ്ങൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. 150 നക്ഷത്രങ്ങൾ കൂടി സ്ഥാപിക്കും. തടാകത്തോട് ചേർന്നുള്ള വഴിയും ലൈറ്റുകൾ തെളിച്ച് ആകർഷകമാക്കിയിട്ടുണ്ട്.
രണ്ട് വർഷം മുമ്പ് തിരുനാവായയിലെ താമര ഹാജി എന്ന് വിളിക്കുന്ന മൊയ്തീൻ ഹാജിയുടെ നേതൃത്വത്തിൽ താമര നിക്ഷേപിച്ചപ്പോൾ മുതൽ തുമ്പിച്ചാൽ തടാകം ശ്രദ്ധേയമായിരുന്നു. കാലങ്ങളോളം മാലിന്യം നിറഞ്ഞുകിടന്ന തടാകം അഞ്ച് വർഷം മുമ്പ് ജില്ലാ ഭരണകൂടം ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപ്പെടുത്തിയാണ് ആദ്യം നവീകരിച്ചത്.
ഒന്നര വർഷം മുമ്പ് ജലശക്തി അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി തുമ്പിച്ചാൽ ജലസംഭരണി നവീകരിക്കുന്നതിനായി ബെന്നി ബഹനാൻ എം.പിയും പഞ്ചായത്തും ചേർന്ന് കേന്ദ്രസർക്കാരിന് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ മുന്നിലും തുമ്പിച്ചാൽ നവീകരണ പദ്ധതിയുണ്ട്.
തടാകത്തിന് ചുറ്റും നടപ്പാത നിർമ്മിച്ച് ഇരിപ്പിടം സജ്ജമാക്കിയാൽ സഞ്ചാരികളെ ആകർഷിക്കാനാവും.
സ്വിച്ച് ഓൺ നിർവഹിച്ചു
തുമ്പിച്ചാൽ ഫെസ്റ്റിന്റെ ഭാഗമായി സ്ഥാപിച്ച നക്ഷത്രങ്ങളുടെ സ്വിച്ച് ഓൺകർമ്മം തുമ്പിച്ചാൽകൂട്ടം രക്ഷാധികാരികളും പഞ്ചായത്ത് അംഗങ്ങളുമായ ടി.ആർ. രജീഷും സതീഷ് കുഴികാട്ടുമാലിയും ചേർന്ന് നിർവഹിച്ചു. ചെയർമാൻ സുഭാഷ് വെളിയത്ത്, പ്രസിഡന്റ് എ.കെ. ജിജീഷ്, സെക്രട്ടറി ഫൈസൽ മാളിയേക്കൽ, യാസർ മോസ്‌കോ, എ.കെ. രമേശ്, രമേശ് പുലയൻതുരുത്ത്, രമേശ് കടവന്ത്ര, സനൽ മനക്കാക്കാട് എന്നിവർ നേതൃത്വം നൽകി.