അങ്കമാലി: പരിസ്ഥിതിസംരക്ഷണ സന്ദേശവുമായി പൂർണമായും പ്ലാസ്റ്റിക് കൊണ്ടു നിർമ്മിച്ച സാന്റാക്ലോസ് കാഴ്ചക്കാർക്ക് കൗതുകമാകുന്നു. സാന്റാക്ലോസിന്റെ പ്ലാസ്റ്റിക് ശില്പം കാണാൻ നിരവധിപേർ എത്തുന്നുണ്ട്.
മൂക്കന്നൂർ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേർന്നാണ് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് 33 അടി ഉയരമുള്ള സാന്റാ പ്രതിമ നിർമ്മിച്ചത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ സാന്റാ ശില്പം തലയുയർത്തി നിൽക്കുന്നു.
പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ശില്പനിർമ്മാണത്തിലൂടെ പഞ്ചായത്ത് അധികൃതർ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പരിധിയിൽ നിന്ന് ഹരിതകർമ്മ സേന ശേഖരിച്ച 6800ൽ അധികം പ്ലാസ്റ്റിക് കുപ്പികളാണ് സാന്റാക്ലോസിന്റെ ശില്പം നിർമ്മിക്കാൻ ഉപയോഗിച്ചത്.
ഹെഡ് ക്ലർക്ക് എൻ.സി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, വൈസ് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, മെമ്പർ കെ.വി. ബിബിഷ്, ജീവനക്കാരായ ടി.എസ്. സുബീഷ്, പ്രവീൺലാൽ, റോയ്‌സൺ വർഗീസ്, ആൻസൻ തോമസ് എന്നിവർ ശില്പ നിർമ്മാണത്തിൽ പങ്കാളികളായി. ക്രിസ്മസ്, പുതുവത്സര ആഘോഷം അവസാനിക്കുന്ന മുറയ്ക്ക് ശില്പ നിർമ്മാണത്തിന് ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും.