high-court-and-mariyakkut

കൊച്ചി: വിധവാ പെൻഷൻ മുടങ്ങിയതിനെതിരെ അടിമാലി സ്വദേശി മറിയക്കുട്ടി നൽകിയ ഹർജി രാഷ്ട്രീയ പ്രേരിതമാകാമെന്നും പല പ്രമുഖരും അവർക്ക് സഹായങ്ങൾ വാഗ്‌ദാനം ചെയ്തെന്നുമുള്ള സർക്കാർ വാദത്തിൽ ഹൈക്കോടതിയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ. ക്ഷേമപെൻഷനു വേണ്ടി ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരിയെ അപമാനിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ സിംഗിൾബെഞ്ച് സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു.

ക്ഷേമപെൻഷനുകൾ സ്റ്റാറ്റ‌്യൂട്ടറി പെൻഷൻ പോലെ അവകാശമല്ലെന്നും ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ കുടിശിക നൽകാനാവില്ലെന്നും സർക്കാരിനുവേണ്ടി സീനിയർ ഗവ. പ്ളീഡർ ടി.ബി. ഹൂദ് വ്യക്തമാക്കി. സ്ഥിതി മെച്ചപ്പെടുമ്പോൾ കുടിശിക നൽകുമെന്നും ക്ഷേമപെൻഷനുള്ള കേന്ദ്രവിഹിതം ജൂലായ് മുതൽ ലഭിച്ചിട്ടില്ലെന്നും വിശദീകരിച്ചു.

ക്രിസ്‌മസ് കാലത്ത് മരുന്നിനും ഭക്ഷണത്തിനും പണമില്ലെന്നു പറഞ്ഞ് കോടതിയെ സമീപിച്ച 78 കാരിയോട് സഹതപിക്കാനേ കോടതിക്കാവൂ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ക്ഷേമപെൻഷൻ നൽകണമെന്ന് സർക്കാരിനോടു നിർദ്ദേശിക്കാൻ കോടതിക്കാവില്ല. നിർഭാഗ്യകരമാണിത്. മറിയക്കുട്ടിക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി വഴി സഹായം ലഭ്യമാക്കണോയെന്ന് ചോദിച്ചറിയാൻ അവരുടെ അഭിഭാഷകയോട് കോടതി നിർദ്ദേശിച്ചു. ഹർജിക്കാരിയെ സഹായിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത് രേഖപ്പെടുത്തിയ ഹൈക്കോടതി,​ ഹർജി ജനുവരി പത്തിലേക്ക് മാറ്റി.

 'മനുഷ്യരാണ്, അനുകമ്പ കാട്ടണം"

ഏപ്രിൽ മുതൽ കേന്ദ്രവിഹിതം കിട്ടുന്നില്ലെങ്കിലും ആഗസ്റ്റ് വരെയുള്ള ക്ഷേമപെൻഷനുകൾ കൊടുത്തെന്ന് സർക്കാർ വിശദീകരിച്ചു. 45 ലക്ഷത്തോളം ക്ഷേമപെൻഷൻകാരിൽ ഹർജിക്കാരി മാത്രമാണ് കോടതിയെ സമീപിച്ചത്. ഇവർക്കു മാത്രമായി സഹായം നൽകാനാവില്ല. ക്ഷേമപെൻഷന് മാസം 660 കോടിയോളം രൂപ വേണം. ഹർജിക്കാരി കോടതിയെ സമീപിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന് സംശയിക്കണം. ഇവർക്ക് പലരും സഹായങ്ങൾ വാഗ്‌ദാനം ചെയ്തത് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.

ഇത്തരം ആരോപണങ്ങൾ എന്തിനെന്ന് ചോദിച്ച സിംഗിൾബെഞ്ച്, 'അവരും മനുഷ്യരാണ്. അനുകമ്പ കാണിക്കണ'മെന്നും പറഞ്ഞു. ആരോപണം ഞെട്ടിക്കുന്നതും ഹൃദയവേദനയുണ്ടാക്കുന്നതുമാണ്. സർക്കാരിനെതിരെ ഹർജി നൽകിയതിന് അപമാനിക്കരുത്. ആരോപണത്തിൽ ഉറച്ചു നിന്നാൽ പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കേണ്ടി വരും. പണം നൽകുന്നില്ലെങ്കിൽ ഇങ്ങനെയുള്ള പദ്ധതികളുണ്ടെന്ന് എങ്ങനെ പറയും? മുതിർന്ന പൗരയായ ഹർജിക്കാരി കോടതിക്ക് വി.ഐ.പിയാണെന്നും സിംഗിൾബെഞ്ച് വിശദീകരിച്ചു.

 'ആരുടെയും ദാനം വേണ്ട"

പലരും സഹായങ്ങൾ വാഗ്‌ദാനം ചെയ്തെങ്കിലും മറിയക്കുട്ടി ആരുടെയും ദാനം സ്വീകരിച്ചിട്ടില്ലെന്ന് അവരുടെ അഭിഭാഷക വ്യക്തമാക്കി. ക്ഷേമപെൻഷന് പണമില്ലെന്ന സർക്കാർ വാദം ശരിയല്ല. പെട്രോളിനും ഡീസലിനും മദ്യത്തിനും സെസ് ഏർപ്പെടുത്തി കോടികളാണ് പിരിച്ചത്. ഈ തുക എന്തു ചെയ്തെന്ന് സർക്കാർ സത്യവാങ്മൂലം നൽകണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു.