പെരുമ്പാവൂർ: രണ്ട് പതിറ്രാണ്ടോളം തരിശുകിടന്നശേഷം നാല് പ്രാവശ്യം തുടർകൃഷി ചെയ്ത് ശ്രദ്ധപിടിച്ചുപറ്റിയ കണ്ടന്തറയിലെ കളത്തിപ്പാടത്ത് ഇത്തവണ കൃഷിയിറക്കിയില്ല. കഴിഞ്ഞപ്രാവശ്യം സർക്കാരിലേക്ക് നൽകിയ നെല്ലിന്റെ പണം ലഭിക്കാത്തതാണ് കളത്തിപ്പാടത്തെ കാർഷിക കൂട്ടായ്മയ്ക്ക് തിരിച്ചടിയായത്.

ഭൂമിയുടെ അവകാശികൾ കാർഷിക കൂട്ടായ്മയാണ് കളത്തിപ്പാടം കൃഷിയോഗ്യമാക്കിയത്. കൃഷിയെ സ്നേഹിക്കുന്നവരുടെ സാമ്പത്തിക സഹായത്തോടെയാണ് കഴിഞ്ഞപ്രാവശ്യം കൃഷി നടത്തിയത്. ഇതിൽ നിന്നും ലഭിച്ച നെല്ല് സർക്കാരിലേക്ക് കൊടുത്തിട്ട് ഏഴ് മാസം കഴിഞ്ഞെങ്കിലും നാമമാത്രമായ തുകയാണ് ലഭിച്ചത്. ബാക്കി തുക എപ്പോൾ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാതെ കാത്തിരിക്കുകയാണ് കർഷകർ. കൊയ്ത്തിനും മെതിക്കും മറ്റുമായി യന്ത്രങ്ങൾ പാടത്ത് ഇറക്കാൻ സാധിക്കാത്തതിനാൽ കളത്തിപ്പാടത്തെ കൃഷി പലപ്പോഴും ഭീമമായ നഷ്ടമാണ് വരുത്താറുള്ളത്. കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകളുടെ നിരന്തരമായ പിന്തുണയാണ് കളത്തിപ്പാടത്തെ കൃഷിയെ നിലനിർത്തുന്നത്. നിലവിൽ

പാടം കാട് പിടിച്ചു തുടങ്ങിയതോടെ വരമ്പുകളും തോടുകളും പുനർനിർമ്മിക്കേണ്ട അവസ്ഥയിലാണ്. സർക്കാർ സംഭരിച്ച നെല്ലിന്റെ തുക എത്രയും വേഗം നൽകി കളത്തിപ്പാടത്ത് കൃഷി സാദ്ധ്യമാക്കണമെന്ന് ഭൂമിയുടെ അവകാശികൾ കാർഷിക കൂട്ടായ്മ ആവശ്യപ്പെട്ടു.