crismas

കൊച്ചി: ക്രിസ്മസ്, പുതുവത്സര ആഘോഷകാലത്ത് സുരക്ഷിതായ ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് വിപുലമായ പരിശോധന ആരംഭിച്ചു. വിപണിയിൽ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മായം ചേർക്കൽ തടയുന്നതിനുമായി അഞ്ച് സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. 19 മുതൽ ആരംഭിച്ച പരിശോധന ഇന്ന് അവസാനിക്കും.

കേക്ക്, വൈൻ മുതലായ ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി യൂണിറ്റുകൾ, ചില്ലറ വില്പന ശാലകൾ തുടങ്ങിയവ സ്‌ക്വാഡ് പരിശോധിച്ച് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരായി നിയമ നടപടികൾ സ്വീകരിക്കും. സ്ഥാപനങ്ങളുടെ ശുചിത്വം, ജീവനക്കാരുടെ വ്യക്തിശുചിത്വം, ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ എന്നിവ പരിശോധിക്കും. ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

രജിസ്ട്രേഷൻ നിർബന്ധം

ക്രിസ്മസ്, പുതുവർഷം പ്രമാണിച്ച് ലൈസൻസില്ലാതെ ഹോംമെയ്ഡ് കേക്കും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി വിൽക്കുന്നവർക്കെതിരെ നടപടി ആരംഭിച്ചു. വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളും നിർമ്മിച്ച് വില്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാണ്. നിയമവിരുദ്ധമായി ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വില്പന നടത്തുന്നത് പത്തുലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ചെറുകിട ഉത്പാദകർ സ്വമേധയാ രജിസ്‌ട്രേഷൻ എടുത്താൽ നിയമ നടപടിയിൽ നിന്ന് ഒഴിവാകും. നൂറ് രൂപയാണ് ഒരുവർഷത്തെ രജിസ്‌ട്രേഷൻ ഫീസ്. 500 രൂപ ഒരുമിച്ച് അടച്ച് അഞ്ചുവർഷം കാലാവധിയുളള രജിസ്‌ട്രേഷൻ എടുക്കാം. ആധാറും ഫോട്ടോയും മാത്രമാണ് രേഖയായി സമർപ്പിക്കേണ്ടത്.

പോർട്ടൽ വഴിയോ അക്ഷയ സെന്ററുകൾ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷയിൽ നൽകുന്ന മെയിൽ അഡ്രസിൽ ഓൺലൈനായി ലഭിക്കും. കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫുഡ് അഡിറ്റീവുകൾ നിയമപരമാണെന്ന് ഉത്പാദകർ ഉറപ്പ് വരുത്തണം. ഉപഭോക്താക്കൾ പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ ലേബൽ വിവരങ്ങളുള്ളതും കാലാവധി രേഖപ്പെടുത്തിയിട്ടുളളതുമായ ഭക്ഷണസാധനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഡിസംബർ 19 മുതൽ ഇന്നലെ വരെ നടത്തിയ പരിശോധന

ആകെ പരിശോധന- 284

അപാകതകൾ പരിഹരിക്കാൻ നോട്ടീസ്- 55

പിഴ ഈടാക്കിയത്- 19

സംശയാസ്പദമായി എടുത്ത സാമ്പിൾ- 19

നിരീക്ഷണത്തിനെടുത്ത സാമ്പിൾ- 121

പൂട്ടിയവ- 21

ക്രിസ്മസ് ന്യൂയറിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിപുലമായ പരിശോധനയാണ് നടത്തുന്നത്. ഹോംമേഡ് കേക്ക് ഉണ്ടാക്കുന്നവർ എത്രയും വേഗം രജിസ്ട്രേഷൻ എടുക്കണം.

പി.കെ. ജോൺ വിജയകുമാർ

ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ

ഭക്ഷ്യസുരക്ഷാവകുപ്പ്