പെരുമ്പാവൂർ: പായലും പുല്ലും നിറഞ്ഞ ചേരാനല്ലൂർ മുട്ടുച്ചിറ പ്രദേശവാസികൾക്ക് ദുരിതം സമ്മാനിക്കുന്നു. ചിറയിലെ ദുർഗന്ധം വമിക്കുന്ന ജലം സമീപവാസികളുടെ വീടുകളിലെ കിണറുകളിലേക്ക് ഊറിയെത്തിയതോടെ കുടിവെള്ളം മുട്ടുന്ന സ്ഥിതിയായി.

ചേരാനല്ലൂർ തോട്ടുവ നമ്പിള്ളി റോഡിന്റെ പടിഞ്ഞാറുവശത്തായി ആറ് ഏക്കർ വിസ്തൃതിയുള്ള ജലാശയമാണ് ചേരാനല്ലൂർ മുട്ടുച്ചിറ. കൂവപ്പടി പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിലെ ചേരാനല്ലൂർ, തോട്ടുവ പ്രദേശത്തെ അഞ്ഞൂറിൽപ്പരം കുടുംബങ്ങളുടെ കിണറിലേക്കുള്ള നീരുറവ ഈ ചിറയിൽ നിന്നാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചിറയ്ക്ക് സമീപത്തെ ചില കിണറുകളിലേക്ക് മലിനജലം എത്തിയത് പ്രദേശവാസികളെ ആശങ്കപ്പെടുത്തിയിരുന്നു. ഇക്കുറി പൂർണമായും വേനൽ വരുന്നതിനു മുൻപ് തന്നെ പുത്തൻകുടി റോയ് റോക്കിയുടെ കിണറിലെ വെള്ളത്തിന് ദുർഗന്ധം വമിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. കഴിഞ്ഞവർഷം പഞ്ചായത്തിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷൻ നടത്തിയിരുന്നു. എന്നാൽ പരാതി പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യുകയോ ചിറ ശുചീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല.

ലക്ഷങ്ങൾ ലാപ്സായി

പതിനാല് റീച്ചുകളുള്ള ചിറയുടെ എട്ട് റീച്ചുകൾ എട്ടുവർഷ് മുൻപ് അളന്നു തിരിച്ചിരുന്നു. എന്നാൽ അവശേഷിച്ച ഭാഗം അളന്നില്ല. ഇതുമൂലം 2018 ൽ ചിറ നവീകരണത്തിന് അനുവദിച്ച 25 ലക്ഷം രൂപ നഷ്ടമായി.

ജില്ലാ പഞ്ചായത്തിന്റെ 2022- 23 പദ്ധതിയിലെ ഒമ്പത് ലക്ഷം ചെലവിട്ട് ചിറയുടെ റോഡിനോട് ചേർന്നുള്ള ഭാഗം സൗന്ദര്യവത്കരണം പുരോഗമിക്കുകയാണ്. എന്നാൽ പായലും പുല്ലും മാറ്റി ചെളിനീക്കി നവീകരിക്കുന്നതിനുള്ള ശ്രമം ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

തോട് നശിച്ചു നീരൊഴുക്ക് തടസപ്പെട്ടു

തോട്ടുവ സെന്റ് ജോസഫ് സ്കൂളിന് പിന്നിലെ പാടം തുടങ്ങി ചിറവരെയുള്ള രണ്ട് മീറ്ററിൽ അധികം നീളംവരുന്ന തോട് ഇടിഞ്ഞു നശിച്ചിട്ടുണ്ട്. തോട് കെട്ടിയ ഭാഗം മുതൽ ചിറവരെയുള്ള 50 മീറ്ററോളം സ്വകാര്യ വ്യക്തികൾ കൈയേറി. ഇതുമൂലം ചിറയിലേക്കുള്ള നീരൊഴുക്ക് തടസപ്പെട്ടു. ചിറയിൽ നിന്ന് പെരിയാറിലേക്കുള്ള തോടിന്റെ 500 മീറ്റർ മാറി സ്വകാര്യവ്യക്തികൾ മണ്ണ് എടുത്തതിനാൽ പുഴയിലേക്കുള്ള നീരൊഴുക്കും തടസപ്പെട്ടുകഴിഞ്ഞു.

ചിറ ഉപയോഗപ്രദമാക്കിയാൽ കുട്ടികൾക്കുള്ള നീന്തൽ പരിശീലനം അടക്കമുള്ള പദ്ധതികൾ നടപ്പാക്കാൻ സാധിക്കും. എത്രയും പെട്ടെന്ന് ചിറയിലെ പായലും പുല്ലും ചെളിയും നീക്കി സംരക്ഷിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.