
കൊച്ചി: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ സഹപാഠി ഡോ. ഇ.എ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം പൂർത്തിയാക്കാൻ പ്രതി കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്. 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ.
ഡിസംബർ നാലിനായിരുന്നു ഷഹനയുടെ ആത്മഹത്യ. റുവൈസുമായി നിശ്ചയിച്ചിരുന്ന വിവാഹം വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടർന്ന് മുടങ്ങിയതിനാൽ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് കേസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പുറമേ സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ കൂടി ചുമത്തി റുവൈസിനെ ഡിസംബർ ഏഴിന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ റുവൈസിനെതിരെ പരാമർശങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാലും സസ്പെൻഷനിലുള്ള റുവൈസിനെ പഠനം തുടരാൻ അനുവദിക്കണോയെന്ന് തീരുമാനിക്കുന്നത് ആരോഗ്യ സർവകലാശാലയുടെ അച്ചടക്ക സമിതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ആരോപണങ്ങൾ ഗൗരവമുള്ളതാണെങ്കിലും കർശന ഉപാധികളോടെ ജാമ്യം നൽകാമെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി. ജാമ്യം അനുവദിക്കുന്നത് പി.ജി പഠനം തുടരാനുള്ള അവകാശമായി വ്യാഖ്യാനിക്കരുതെന്നും വ്യക്തമാക്കി.